
ദില്ലി: സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകർ. ഇന്നലെ മിശ്രക്കെതിരെ സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ മിശ്രയുടെ മൂന്നാം നമ്പർ കോടതിയിലെത്തി പ്രതിഷേധം അറിയിച്ചത്. കപിൽ മിശ്ര, ദുഷ്യന്ത് ദവെ എന്നിവരുൾപ്പെടെ മുതിർന്ന അഭിഭാഷകർ മിശ്രയുടെ കോടതിയിലെത്തി പ്രതിഷേധമറിയിക്കുകയായിരുന്നു. ജസ്റ്റിസ് മിശ്ര ക്ഷമ പാലിക്കണമെന്നും ജൂനിയർ അഭിഭാഷകർ മിശ്രയുടെ കോടതിയിൽ ഹാജരാകാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആരോപിച്ചു.
തന്നെ ടാർജറ്റ് ചെയ്യുകയാണെന്നായിരുന്നു ഇതിനോടുള്ള അരുൺ മിശ്രയുടെ പ്രതികരണം. അഭിഭാഷകനെ വേദനിപ്പിച്ചുവെങ്കിൽ 100 തവണ മാപ്പ് പറയാൻ തയ്യാറാണെന്നും അരുൺ മിശ്ര വിശദീകരിച്ചു. അഭിഭാഷക സമൂഹത്തെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ അരുൺ മിശ്ര ബാറിന് വേണ്ടി മരിക്കാൻ വരെ തയ്യാറാണെന്ന് പറഞ്ഞു. ജുഡീഷ്യറിയെക്കാൾ തന്നെ ആദരിക്കുന്നത് ബാറാണെന്നും അരുൺ മിശ്ര പറയുകയുണ്ടായി. എന്നാൽ മിശ്രയോട് മാപ്പ് പറയുവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകർ വ്യക്തമാക്കി.
ചൊവ്വാഴ്ച ഇൻഡോർ ഡെവലപ്മെന്‍റ് അതോറിറ്റി കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുൺ മിശ്രയും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും തമ്മിൽ തർക്കമുണ്ടായത്. വാദത്തിനിടെ ശങ്കരനാരായണന്‍റെ പല വാദഗതികളും ആവർത്തനമാണെന്ന് അരുൺ മിശ്ര നിരീക്ഷിച്ചു. നീതി നിർവഹണ സംവിധാനത്തെ ഗോപാൽ ശങ്കരനാരായണൻ കളിയാക്കുകയാണെന്ന് ആക്ഷേപിച്ച അരുൺ മിശ്ര പുതിയ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ ആവശ്യപ്പെടുകയും, ഇല്ലെങ്കിൽ കോടതി അലക്ഷ്യം ചുമത്തുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഈ നടപടിയാണ് നിലവിൽ വിവാദമായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അഭിഭാഷകർ അരുൺ മിശ്രയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam