യെദ്യൂരപ്പയ്ക്ക് നിർണായകം: കർണാടകത്തിൽ 15 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്

By Web TeamFirst Published Dec 5, 2019, 6:12 AM IST
Highlights

15-ൽ ആറ് സീറ്റുകളെങ്കിലും കിട്ടിയില്ലെങ്കിൽ ബിജെപിയുടെ യെദ്യൂരപ്പ സർക്കാരിന്‍റെ ഭാവി അതോടെ തീരും. നേരിയ ഭൂരിപക്ഷത്തിലാണ് കർണാടക സർക്കാർ ഇപ്പോൾ ആടി നിൽക്കുന്നത്.

ബെംഗളുരു: മഹാരാഷ്ട്രയിലെ നാടകീയതകൾക്കൊടുവിൽ ബിജെപിയിതര സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇനി എല്ലാ ശ്രദ്ധയും കർണാടകത്തിലേക്കാണ്. കർണാടകത്തിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളെങ്കിലും മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം. ഇല്ലെങ്കിൽ കോൺഗ്രസ് - ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് അധികാരം നഷ്ടമാകും. 

സഖ്യസർക്കാർ താഴെപ്പോയ ശേഷം കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യം തകർന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിക്കുന്നത്.  ഭൂരിപക്ഷം കിട്ടില്ലെന്ന്‌ ഉറപ്പായതോടെ കൂടുതൽ എംഎൽഎമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ്‌ ആരോപിക്കുന്നു. എന്നാൽ, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം 

നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ്, ഒറ്റസീറ്റിന്‍റെ ഭൂരിപക്ഷത്തിൽ യെദ്യൂരപ്പ സർക്കാർ ആടി നിൽക്കുന്നത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് - ജെഡിഎസ് സർക്കാർ തകർന്ന് വീണത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നൽകിയ 'ഓപ്പറേഷൻ താമര'യാണിതെന്നും, എംഎൽഎമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും, കോൺഗ്രസും ജെഡിഎസ്സും ആരോപിച്ചു. 

ഇതിന് പിന്നാലെ, സ്പീക്കർ കെ ആർ രമേശ് കുമാർ മറുകണ്ടം ചാടിയ എംഎൽഎമാരെ അയോഗ്യരാക്കി. 17 എംഎൽഎമാരെയാണ് അയോഗ്യരാക്കിയതെങ്കിലും ഇന്ന് 15 മണ്ഡലങ്ങളിലേക്ക് മാത്രമേ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. മസ്‍കി, ആർആർ നഗർ എന്നീ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹർജി കർണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകൾ ഇപ്പോൾ പ്രഖ്യാപിക്കാതെ നീട്ടി വച്ചത്. 

ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആയി. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്‍പി എംഎൽഎയുടെ പിന്തുണയും ചേർന്നാൽ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഇവയാണ്: അത്താനി, ചിക്ബല്ലാപൂർ, ഗോകക്, ഹിരെകേരൂർ, ഹോസകോട്ടെ, ഹുനസുരു, കാഗ്‍വാഡ്, കെ ആർ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂർ, ശിവാജിനഗർ, വിജയനഗര, യെല്ലാപൂർ, യശ്വന്ത്പൂർ. 

മറുകണ്ടം ചാടിയതിനാൽ അയോഗ്യരാക്കപ്പെട്ട 17 പേരിൽ 13 പേർക്കും ബിജെപി അതേ മണ്ഡലങ്ങളിൽ സീറ്റ് നൽകിയിട്ടുണ്ട്. വർഷങ്ങളായി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതിൽ പലരും. 

click me!