റോഹിന്‍ടന്‍ നരിമാന്‍ വിരമിച്ചു; നഷ്ടമായത് ജുഡീഷ്യറിയുടെ സിംഹത്തെയെന്ന് ചീഫ് ജസ്റ്റിസ്

By Web TeamFirst Published Aug 12, 2021, 7:52 PM IST
Highlights

ജഡ്ജിമാരുടെ നിയമനത്തില്‍ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് റോഹിന്‍ടന്‍ നരിമാന്‍ പറഞ്ഞു. മികച്ച നീതി നിര്‍വഹണമാണ് രാജ്യത്തെ ജനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

ദില്ലി: ജസ്റ്റിസ് റോഹിന്‍ടന്‍ ഫാലി നരിമാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്ടമായത് സിംഹങ്ങളിലൊന്നിനെയാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍ വി രമണ പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തെ സംരക്ഷിക്കുന്ന സിംഹങ്ങളിലൊന്നിനെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ അറിവും പാണ്ഡിത്യവും ബുദ്ധിയും നമുക്ക് നഷ്ടമാകുന്നു. ശക്തമായ നിയമസംവിധാനത്തിന്റെ തൂണായിരുന്നു അദ്ദേഹം. എപ്പോഴും ശരിക്കൊപ്പം നിന്നു-ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ജഡ്ജിമാരുടെ നിയമനത്തില്‍ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് റോഹിന്‍ടന്‍ നരിമാന്‍ പറഞ്ഞു. മികച്ച നീതി നിര്‍വഹണമാണ് രാജ്യത്തെ ജനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി അങ്കണത്തിലാണ് അദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിയത്.

സോളിസിറ്റര്‍ ജനറലായിരുന്ന നരിമാനെ 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 37ാമത്തെ വയസ്സില്‍ തന്നെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ ഫാലി നരിമാനാണ് പിതാവ്. ശബരിമല യുവതീപ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കല്‍, സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!