1200 കിലോമീറ്റര്‍ മകള്‍ ജ്യോതിയുടെ സൈക്കിളിന് പിന്നിലിരുന്ന് നാട്ടിലെത്തിയ പിതാവ് മരിച്ചു

By Web TeamFirst Published Jun 1, 2021, 12:46 PM IST
Highlights

ജ്യോതികുമാരിയുടെയും പിതാവിന്റെയും കഥ ലോകമാധ്യമങ്ങള്‍ വരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക്ഡൗണില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട പ്രയാസത്തിന്റെ മുഖമായിരുന്നു ജ്യോതികുമാരി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ബിഹാളിലെ ദര്‍ഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തിച്ചത്.
 

ദില്ലി: കൊവിഡ് ഒന്നാം തംരഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ അസുഖബാധിതനായ പിതാവിനെ സൈക്കിളിന് പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സഞ്ചരിച്ച ജ്യോതി കുമാരി എന്ന 15കാരിയെ രാജ്യം മറന്നിട്ടില്ല. ഇപ്പോഴിതാ ഒരു ദുഃഖവാര്‍ത്ത. ജ്യോതികുമാരിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ദിവസമാണ് ജ്യോതികുമാരിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

ജ്യോതികുമാരിയുടെയും പിതാവിന്റെയും കഥ ലോകമാധ്യമങ്ങള്‍ വരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക്ഡൗണില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട പ്രയാസത്തിന്റെ മുഖമായിരുന്നു ജ്യോതികുമാരി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ബിഹാളിലെ ദര്‍ഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തിച്ചത്. 

ജ്യോതികുമാരിയും പിതാവും യാത്രക്കിടെ

ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ വാഹനാപകടത്തില്‍പ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ബിഹാറിലെ ഗ്രാമത്തിലുമാണ് താമസം. ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി. പണമില്ലാതായതോടെ മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിളില്‍ ഇറങ്ങിത്തിരിച്ചത്.

ജ്യോതിയാണ് സൈക്കിളില്‍ പോകാമെന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍, പിതാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ സംഘടിപ്പിച്ചു. ദിവസം ശരാശരി 40 കിലോമീറ്റര്‍ സഞ്ചരിക്കും. ചിലയിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരും സഹായിച്ചു. രാമായണത്തിലെ ശ്രാവണ്‍ കുമാറുമായാണ് പ്രാദേശിക മാധ്യമങ്ങള്‍ ജ്യോതിയെ വിശേഷിപ്പിച്ചത്.പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ജ്യോതിയെ പുകഴ്ത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!