
കോയമ്പത്തൂർ: ബിജെപി വിട്ട് രാഷ്ട്രീയ മൂവ്മെൻ്റിന് തുടക്കമിട്ട കെ അണ്ണാമലൈ ആദ്യ സമ്മേളനത്തിന് ഒരുങ്ങുന്നു. അണ്ണാമലൈയുടെ 'വി ദ ലീഡേഴ്സ്' മൂവ്മെൻ്റിൻ്റെ ആദ്യ സമ്മേളനം പൊള്ളാച്ചിൽ ജൂലൈ 12ന് വൈകുന്നേരം നാലുമണിക്ക് നടക്കും. 'ലഹരിമുക്ത പൊള്ളാച്ചി ബോധവൽകരണ സമ്മേളനം' എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് മുന്നോടിയായി പൊള്ളാച്ചി - കോയമ്പത്തൂർ റോഡിലെ സമ്മേളന നഗരിയിൽ ഭൂമിപൂജ നടന്നു. 'വി ദ ലീഡേഴ്സി'ൻ്റെ നൂറുകണക്കിന് അംഗങ്ങളും അനുഭാവികളും ചടങ്ങിൽ പങ്കെടുത്തു.
മുൻ ബിജെപി പ്രവർത്തകനും വി ദ ലീഡേഴ്സിൻ്റെ കോയമ്പത്തൂർ ജില്ലാ ഇൻചാർജുമായ വസന്ത് രാജൻ്റെ നേതൃത്വത്തിലാണ് ഭൂമിപൂജ നടന്നത്.
പുതിയതായി രൂപീകരിച്ച സംഘടനയിൽ അംഗമാകുന്നവരുടെ എണ്ണം വർധിക്കുന്നതായി സംഘാടകർ പറഞ്ഞു. ആദ്യ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി പ്രവർത്തകർ സംഘടനയിൽ ചേരുന്നുണ്ടെന്നും അവർ പറഞ്ഞു.
പുതിയ സംഘടന രൂപീകരിച്ച് ഒരുമാസത്തിന് ശേഷമാണ് അണ്ണാമലൈ, ആദ്യ സമ്മേളനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. സംഘടനയുടെ നയവും ഭാവി പരിപാടികളും സമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കും. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ജൂൺ അഞ്ചിനാണ് അണ്ണാമലൈ ബിജെപി വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. ബിജെപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്ന അണ്ണാമലൈയുടെ പടിയിറക്കം. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കരൂർ നാഗരാജൻ അടക്കമുള്ള സംസ്ഥാന നേതാക്കളും പാർട്ടി വിട്ട് അണ്ണാമലൈയ്ക്ക് ഒപ്പം ചേർന്നിട്ടുണ്ട്.
പുതിയ രാഷ്ട്രീയ മൂവ്മെൻ്റിൻ്റെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങാനാണ് അണ്ണാമലൈയുടെ തീരുമാനം. മുഖ്യമന്ത്രി വിജയ്‍യ്ക്ക് ഒത്ത എതിരാളിയായി മാറാനാണ് അണ്ണാമലൈയുടെ നീക്കം. വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെ ആണ് അണ്ണാമലൈയുടെ ഇതേ വിഷയത്തിൽ ആദ്യ സമ്മേളനത്തിന് ഒരുങ്ങുന്നത്. നേരത്തെ, ജൂലൈ മാസത്തോടെ വി ദ ലീഡേഴ്സിനെ രാഷ്ട്രീയ പാർട്ടിയാക്കുമെന്ന് അണ്ണാമലൈ അറിയിച്ചിരുന്നു. നിലവിൽ 18 ലക്ഷത്തിലധികം അംഗങ്ങൾ അണ്ണാമലൈയുടെ സംഘടനയിൽ വളണ്ടിയറായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam