
ദില്ലി: പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താൻ എന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം. പദവിയെ കുറിച്ച് ആശങ്കകൾ ഇല്ല. തന്നെ പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നു എങ്കിൽ നൽകട്ടെ എന്നും കെ.സി.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി സംഘടന ജനറൽ സെക്രട്ടറി ആയതിനാൽ ആർക്കും വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ലെന്നും കെ.സി. പറഞ്ഞു. മല്ലികാർജുൻ ഖാർഗെ വലിയ നേതാവാണ്. ഒരു സുപ്രഭാതത്തിൽ വന്നതല്ല. എന്നാൽ ഖാർഗെ, ഹൈക്കമാൻഡ് നോമിനിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാർഗെയ്ക്ക് എതിരായ പ്രചാരണം ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായതിനാലാണ്. എതിർത്തിരുന്നവരും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവരും ഖാർഗെക്കായി ഒപ്പിട്ടു എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ഗാന്ധി കുടുംബം നേതൃസ്ഥാനം വേണ്ടെന്ന് വച്ചവർ, പിൻസീറ്റ് ഡ്രൈവിംഗിന്ന്റെ ആവശ്യമില്ല'
മത്സരത്തിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം പറഞ്ഞു. മാധ്യമങ്ങൾ പക്ഷേ വീണ്ടും ഗാന്ധി കുടുംബത്തെ വലിച്ചിഴയ്ക്കുകയാണ്. നേതൃസ്ഥാനം വേണ്ടെന്ന് വച്ചവരാണ് ഗാന്ധി കുടുംബം. പിൻസീറ്റ് ഡ്രൈവിംഗിന്ന്റെ ആവശ്യമില്ലെന്നും ഗാന്ധി കുടുംബത്തെ ടാർഗറ്റ് ചെയ്യുന്നത് എന്ത് ലാഭത്തിന് വേണ്ടിയാണെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. ബിജെപിയിൽ എല്ലാം മോദി തീരുമാനിക്കുന്നതിൽ ആർക്കും വിമർശനമില്ലല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലേത് ദൗർഭാഗ്യകരമായ സംഭവങ്ങൾ
രാജസ്ഥാനിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെലോട്ട് സന്നദ്ധനായിരുന്നു. എന്നാൽ അവിടെയുണ്ടായ സംഭവ വികാസങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഗെലോട്ട് ഏറ്റെടുത്തതിനാൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന് സോണിയ ഗാന്ധി നിർദേശിച്ചെന്നും കെ.സി. പറഞ്ഞു. സച്ചിൻ പൈലറ്റ് പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. ഗെലോട്ടിനെയും പൈലറ്റിനെയും ഒന്നിച്ചു കൊണ്ടു പോകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam