തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ്; കമൽ ഹാസന്റെ മക്കൾ നീതി മയ്യം മത്സരിക്കില്ല

By Web TeamFirst Published Sep 22, 2019, 12:41 PM IST
Highlights

ഉപതെരഞ്ഞെടുപ്പ് എന്ന പേരിൽ നടക്കുന്ന അഴിമതി രാഷ്ട്രീയത്തിന്റെ ഭാ​ഗമാകാൻ തയ്യാറല്ലെന്ന് മക്കൾ നീതി മയ്യം സ്ഥാപകനായ കമൽ ഹാസൻ പറഞ്ഞു.  
 

ചെന്നൈ: തമിഴ്നാട്ടിലെ ​രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി മത്സരിക്കില്ല. ഭരണത്തിലുള്ള പാർട്ടിയും മുൻപ് ഭരിച്ച പാർട്ടിയും തമ്മിലുള്ള അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ഉപതെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രധാന്യമുള്ളതായി കാണുന്നില്ലെന്ന് മക്കൾ നീതി മയ്യം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് എന്ന പേരിൽ നടക്കുന്ന അഴിമതി രാഷ്ട്രീയത്തിന്റെ ഭാ​ഗമാകാൻ തയ്യാറല്ല. ഇതിനാലാണ് നംഗുനേരി, വിക്രവാണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന ഉപതെര‍ഞ്ഞെടുപ്പിൽ നിന്ന് പാർട്ടി വിട്ടുനിൽക്കുന്നതെന്ന് മക്കൾ നീതി മയ്യം സ്ഥാപകനായ കമൽ ഹാസൻ പറഞ്ഞു. 2021-ൽ സർക്കാർ രൂപീകരിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടിക്ക് തമിഴ്നാട് ജനതയുടെ ഏകപക്ഷീയമായി പിന്തുണയുണ്ട്. സർക്കാർ രൂപീകരിക്കുന്നതിലൂടെ അഴിമതി പാർട്ടികളെ പുറത്താക്കുകയാണ് പ്രധാനമായും ചെയ്യുകയെന്നും കമൽ ഹാസൻ വ്യക്തമാക്കി.

അതേസമയം, സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് ഡിഎംകെ കോൺഗ്രസ് സഖ്യവും അണ്ണാ ഡിഎംകെ ബിജെപി സഖ്യവും കടന്നു. പുതുച്ചേരിയിലെ കാമരാജ് നഗറും തമിഴ്നാട്ടിലെ നംഗുനേരിയും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താൻ ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ ധാരണയായി. വിക്രവാണ്ടിയിൽ ഡിഎംകെ മത്സരിക്കും. വെല്ലൂരിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിലാണ് സഖ്യകക്ഷികളുമായി വിലപേശൽ വേണ്ടെന്ന തീരുമാനത്തിൽ ഡിഎംകെയെ എത്തിച്ചത്. ഒക്ടോബർ 21നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

click me!