
ദില്ലി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കി. ഈ സാഹചര്യത്തില്‍ കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എംഎൽഎ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നാണ് വിവരം. എന്നാൽ രാജ്യസഭാ സീറ്റ് ആവശ്യം കോൺഗ്രസ് തളളിയെന്നാണ് സൂചന. ഇതോടെയാണ് ബിജെപിയിൽ ചേരുമെന്ന സൂചന പുറത്ത് വന്നത്.
കമൽനാഥിനും മകനും ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. കമല്‍നാഥിനൊപ്പം മകൻ നകുൽ നാഥ്, രാജ്യസഭാ എംപിയായ വിവേക് തൻഖ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്.
മാർച്ച് 3 ന് ഭാരത് ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോൾ കമൽനാഥിനെയും അനുയായികളെയും മറുകണ്ടം ചാടിക്കാനാണ് ബിജെപി നീക്കം. സമാനമായ രീതിയിൽ കമൽ നാഥ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ടുകള്‍ നേരത്തെയും വന്നിരുന്നുവെങ്കിലും തള്ളി കോൺഗ്രസിൽ തുടരുകയായിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ പുറത്ത് വരുന്ന പ്രചാരത്തിൽ കമൽനാഥ് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam