മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കമല്‍ നാഥിന്‍റെ 'ഐറ്റം' പരാമര്‍ശം

By Web TeamFirst Published Oct 19, 2020, 1:18 PM IST
Highlights

ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥി ഇമാര്‍തി ദേവിക്കെതിരെ കമൽനാഥ്  മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങി. 

ഭോപാൽ: മധ്യപ്രദേശില്‍ 28 നിയമസഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് തലവേദനയായി പുതിയ വിവാദം. ബിജെപിയുടെ വനിത സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥി ഇമാര്‍തി ദേവിക്കെതിരെ കമൽനാഥ്  മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങി. 

കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ ദാബ്ര മണ്ഡലത്തില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാർഥിക്കെതിരെ തിരഞ്ഞെടുപ്പ് റാലിയില്‍ കമല്‍ നാഥ് പറഞ്ഞത് ഇങ്ങനെ-  ‘ഞങ്ങളുടെ (കോണ്‍ഗ്രസിന്‍റെ) സ്ഥാനാർഥി എളിയവരിൽ എളിയവനാണ്. ബിജെപി സ്ഥാനാർഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാൻ മടിക്കുന്നത്. എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവർ’– ഇതായിരുന്നു കമൽനാഥിന്റെ പരാമർശം. 

ഇതോടെ ബിജെപി സ്ഥാനാർഥിയുടെ പേര് യോഗത്തിന് എത്തിയ കോൺഗ്രസ് പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ വൈകാരികമായാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവി രംഗത്ത് എത്തി. ദരിദ്ര കുടുംബത്തില്‍ പിറന്നതും, ദളിതായതുമാണോ എന്‍റെ കുറ്റം, ഇങ്ങനെ പറയുന്നവരെ കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കരുതെന്ന് സോണിയ ഗാന്ധിയോട് ഞാൻ ആവശ്യപ്പെടും. അവരും ഒരു അമ്മയല്ലേ? ഇത്തരം പരാമർശം സ്ത്രീകൾക്കെതിരെ മുതിർന്ന നേതാക്കൾ തന്നെ നടത്തിയാൽ സ്ത്രീകൾ എങ്ങനെ പൊതുപ്രവർത്തനം നടത്തും– ഇമാര്‍തി ദേവി പ്രതികരിച്ചു.

ഇതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും കമല്‍നാഥിനെതിരെ രംഗത്ത് എത്തി. ദരിദ്രനായ ഒരു കർഷകന്റെ മകളാണ് ഇമാര്‍തി ദേവിയെന്നും ജീവിതം മുഴുവൻ ജനസേവനത്തിനായി ഉഴിഞ്ഞു വച്ച ഒരു സ്ത്രീയെ ഐറ്റം എന്നൊക്കെ വിളിക്കുന്നത് കോൺഗ്രസിന്റെ ഫ്യൂഡൽ മനോഭാവത്തെയാണ് കുറിക്കുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു.

കമൽനാഥിന്റെ പ്രസ്താവനയ്ക്കെതിരെ തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തുകയാണ് മധ്യപ്രദേശില്‍ ബിജെപി. ഭോപ്പാലില്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
 

click me!