'കോണ്‍ഗ്രസുമായി ചെറിയ അഭിപ്രായവ്യത്യാസം മാത്രം; എൻഡിഎയുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ല': കനിമൊഴി

By Web TeamFirst Published Jan 19, 2020, 7:27 AM IST
Highlights

കോണ്‍ഗ്രസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും എന്‍ഡിഎയുമായി ചര്‍ച്ച നടത്തേണ്ട യാതൊരുസാഹചര്യവുമില്ലെന്നും കനിമൊഴി

കോഴിക്കോട്: കോൺഗ്രസ് സഖ്യം മറന്ന് എൻഡിഎയുമായി ഡിഎംകെ ചർച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കനിമൊഴി. പൗരത്വനിയമഭേദഗതിക്കെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അതേസമയം പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ ഡിഎംകെ പ്രതിപക്ഷത്തിനൊപ്പം തന്നെയാണ്. കോണ്‍ഗ്രസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും എന്‍ഡിഎയുമായി ചര്‍ച്ച നടത്തേണ്ട യാതൊരുസാഹചര്യവുമില്ലെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലെ ഭിന്നതയ്ക്ക് അവസാനമായെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഴഗിരി ഇന്നലെ പ്രതികരിച്ചിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി സമവായ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം സഖ്യം തുടരുമെന്ന് അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുപിഎ സഖ്യത്തിന്‍റെ ഭിന്നതയിലേക്ക് വഴിമാറിയത്.

ഡിഎംകെ-കോൺഗ്രസ് ഭിന്നത: സ്റ്റാലിനെ സോണിയ ഫോണിൽ വിളിച്ചു, അനുനയ ചർച്ച

ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍  മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി തുറന്നടിച്ചതോടെ പ്രശ്നം വഷളായി. സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കി. പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടു. തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അഴഗിരിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കി. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനെ ഫോണിൽ വിളിച്ച് പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഴഗിരി  പ്രതികരിച്ചത്. 

കോണ്‍ഗ്രസ്-ഡിഎംകെ ഭിന്നത തുടരുന്നു; കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാൽ പ്രശ്നമില്ലെന്ന് ഡിഎംകെ നേതാവ്

 

click me!