Asianet News MalayalamAsianet News Malayalam

ഡിഎംകെ-കോൺഗ്രസ് ഭിന്നത: സ്റ്റാലിനെ സോണിയ ഫോണിൽ വിളിച്ചു, അനുനയ ചർച്ചയ്ക്ക് പുതുച്ചേരി മുഖ്യമന്ത്രി ചെന്നൈയിൽ

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുപിഎ സഖ്യത്തിന്‍റെ ഭിന്നതയിലേക്ക് വഴിമാറിയത്. സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കി

DMK congress Stalin to meet Azhagiri to solve issues
Author
Chennai, First Published Jan 18, 2020, 11:35 AM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലെ ഭിന്നത തീർക്കാൻ അനുനയ നീക്കം സജീവം. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായികോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ സംസാരിച്ചു. പ്രശ്നം രമ്യമായി ചർച്ച ചെയ്ത് പരിഹരിക്കാൻ കോൺഗ്രസ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയെ ചുമതലപ്പെടുത്തി. നാരായണ സ്വാമി ചെന്നൈയിലെത്തി സ്റ്റാലിനുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ.  

കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാൽ ഡിഎംകെയ്ക്ക് പ്രശ്നമില്ലെന്ന് മുതിർന്ന നേതാവും പാർട്ടി ട്രഷററുമായ ദുരൈമുരുകന്‍ ഇന്നലെ പറഞ്ഞിരുന്നു. 'തമിഴ്നാട് രാഷ്ട്രീയത്തില്‍ കൃത്യമായ വോട്ട് ബാങ്ക് പോലും കോൺഗ്രസിന് ഇല്ല. സഖ്യം വിട്ട് കോണ്‍ഗ്രസ് പോകുകയാണങ്കില്‍ കുഴപ്പമില്ല. ഡിഎംകെ അത് കാര്യമാക്കുന്നില്ല', എന്നായിരുന്നു ദുരൈമുരുകന്റെ പ്രതികരണം. 

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുപിഎ സഖ്യത്തിന്‍റെ ഭിന്നതയിലേക്ക് വഴിമാറിയത്. ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍  മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി തുറന്നടിച്ചതോടെ പ്രശ്നം വഷളായി. സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കി. 

പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടു. തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അഴഗിരിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കി. പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ.ആര്‍ രാമസ്വാമി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ഖേദം അറിയിച്ചു. പ്രദേശിക നേതൃത്വത്തെയാണ് വിമര്‍ശിച്ചതെന്നും ഡിഎംകെ സംസ്ഥാന നേതൃത്വവുമായി പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തിരുത്തി. 
 

Follow Us:
Download App:
  • android
  • ios