
കാൻപുർ: ഉത്തർപ്രദേശിൽ ബിസിനസുകാരനെ കൊലപ്പെടുത്തിയ സംഭവം മരുമകളുടെ ക്വട്ടേഷനെന്ന് പൊലീസ്. കാൻപുരിലെ സമ്പന്നനും ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനുമായ വിനീത് മിനോച്ച(63)യുടെ കൊലപാതകത്തിലാണ് മരുമകളായ ഷാലു(36)വിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വാടക കൊലയാളിയും വിനീത് മിനോച്ചയുടെ വീട്ടിലെ മുൻ ജോലിക്കാരനുമായ വിശാൽ(30) കൂട്ടാളിയായ രാജ് കിഷോർ എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഷാലുവിന്റെ നിർദേശപ്രകാരമാണ് ഇരുവരും വിനീത് മിനോച്ചയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ശനിയാഴ്ച രാത്രിയാണ് വിനീത് മിനോച്ച കാൻപുരിലെ ആഡംബര ഫ്ലാറ്റിൽവെച്ച് കൊല്ലപ്പെട്ടത്. അർധരാത്രി നിശാപാർട്ടി കഴിഞ്ഞെത്തിയ മകൻ സുഭ്രതും ഇദ്ദേഹത്തിന്റെ ഭാര്യ ഷാലുവുമാണ് ചോരയിൽ കുളിച്ച് കിടക്കുന്നനിലയിൽ വിനീതിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്റെ മൊഴിയനുസരിച്ച് രണ്ടുപേർ ഡെലിവറി ജീവനക്കാരെന്ന പേരിൽ വിനീത് മിനോച്ചയുടെ ഫ്ളാറ്റിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. തുടർന്ന് ഞായറാഴ്ച തന്നെ പ്രതികളായ വിശാലിനെയും രാജ് കിഷോറിനെയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിൽ മരുമകളുടെ പങ്കും വ്യക്തമായത്. തുടർന്ന് വിനീതിന്റെ മകന്റെ ഭാര്യയായ ഷാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ഇവർ ആദ്യം പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, വിശദമായ ചോദ്യംചെയ്യലിൽ പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല. ഇതോടെ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മരുമകളെ നിരീക്ഷിക്കാനായി ഫ്ളാറ്റിനുള്ളിൽ വിനീത് മിനോച്ച ഒട്ടേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മരുമകൾ പുറത്തുപോകുന്നതും എപ്പോൾ വരുന്നു എന്നതുമെല്ലാം വിനീത് മിനോച്ച നിരീക്ഷിച്ചിരുന്നു. മരുമകൾ സ്ഥിരമായി നിശാപാർട്ടികൾക്ക് പോകുന്നതും രാത്രി വൈകി വീട്ടിൽവരുന്നതും വിനീത് എതിർത്തു. ഇതെല്ലാം പകയ്ക്ക് കാരണമായെന്നാണ് മരുമകളായ ഷാലുവിന്റെ മൊഴി. മാത്രമല്ല, സാമ്പത്തികമായി ഉയർന്നനിലയിലായിട്ടും തനിക്കോ ഭർത്താവിനോ ചെറിയ ചെലവുകൾക്ക് പോലും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട സ്ഥിതിയായിരുന്നുവെന്നും ഷാലു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത് കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നും പ്രതി സമ്മതിച്ചു.
ജൂലായ് 28-ന് ഷാലു നിശാപാർട്ടിയിൽ പങ്കെടുത്ത് ഏറെ വൈകിയാണ് ഫ്ളാറ്റിൽ തിരിച്ചെത്തിയത്. ഇത് വിനീത് മിനോച്ച ചോദ്യംചെയ്തു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി. ഈ സംഭവത്തിന് പിന്നാലെയാണ് ഷാലു ഭർതൃപിതാവിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം ആരംഭിച്ചത്. ഇതിനായി വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന വിശാലിനെ ബന്ധപ്പെട്ടു. ഭർതൃപിതാവിനെ കൊലപ്പെടുത്തിയാൽ ആറുലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനംചെയ്തു. ഇതിൽ രണ്ടുലക്ഷം രൂപ കൃത്യം നടത്തിയതിന് പിന്നാലെ സെപ്റ്റംബർ ആറാം തീയതി തന്നെ നൽകി. ബാക്കി നാലുലക്ഷം രൂപ 15 ദിവസത്തിനുള്ളിൽ നൽകാമെന്നായിരുന്നു വാഗ്ദാനം.
വിനീത് മിനോച്ചയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. വിശാലിനും കൂട്ടാളിക്കും ഫ്ളാറ്റിൽ പ്രവേശിക്കാനായി ഫ്ളാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും ഷാലു കൈമാറി. മരുന്ന് ഡെലിവറി ചെയ്യാനെന്ന പേരിൽ ഫ്ളാറ്റിലേക്ക് പ്രവേശിക്കാനായിരുന്നു ഷാലുവിന്റെ നിർദേശം. ഇതനുസരിച്ച് ശനിയാഴ്ച രാത്രി വിശാലും രാജ് കിഷോറും ഫ്ളാറ്റിന് പുറത്തെത്തി. ഈ സമയം ഷാലുവും ഭർത്താവും കുട്ടിയും ഒരു ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ഫ്ളാറ്റിന് പുറത്തെത്തിയ വിശാലിനെയും രാജ് കിഷോറിനെയും സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. എന്നാൽ, വിശാൽ ഷാലുവിനെ ഫോണിൽ വിളിച്ച് സുരക്ഷാ ജീവനക്കാരന് ഫോൺ കൈമാറി. മരുന്ന് നൽകാൻ വന്നവരാണെന്നും അവരെ കടത്തിവിടാനും ഷാലു സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു. ഇതോടെ പ്രതികൾ രണ്ടുപേരും ഫ്ളാറ്റിലെത്തി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ളാറ്റിൽ പ്രവേശിച്ച പ്രതികൾ ഷാലുവിന്റെ മുറിയിലാണ് ഒളിച്ചിരുന്നത്. തുടർന്ന് വിനീത് മിനോച്ച വന്നതോടെ ഇരുവരും ചേർന്ന് ഇദ്ദേഹത്തെ ആക്രമിച്ചു. ശ്വാസംമുട്ടിച്ച് കൊല്ലാനാണ് പദ്ധതിയിട്ടതെങ്കിലും ഇത് പാളി. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതികൾ വിനീത് മിനോച്ചയെ കുത്തിപരിക്കേൽപ്പിച്ചു. ശരീരമാസകലം വിനീതിന് 26 തവണ കുത്തേറ്റതായാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ പ്രതികൾ ഫ്ളാറ്റിൽനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു.
രാത്രി വൈകി പാർട്ടി കഴിഞ്ഞെത്തിയ ഷാലുവും ഭർത്താവും തന്നെയാണ് വിനീത് മിനോച്ച കൊല്ലപ്പെട്ടവിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽനിന്ന് വിലപ്പിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും അതിനാൽ കവർച്ചയ്ക്കിടെയല്ല കൊലപാതകമെന്നും സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ രണ്ടുപേരെയും തിരിച്ചറിഞ്ഞു. ഞായറാഴ്ച തന്നെ ഇവരെ പിടികൂടി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അതേസമയം, സംഭവത്തിൽ വിനീത് മിനോച്ചയുടെ മകൻ സുഭ്രതിന് പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ ഫോൺവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam