ആധുനികവും നൂതനവുമായ കാർഷിക രീതികളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ പ്രതിനിധി സംഘം റാം സരൺ വർമ്മയുമായി സംവദിക്കുകയും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കുകയും ചെയ്തു.
ബാരാബങ്കി(ഉത്തർപ്രദേശ്): തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽനിന്നുള്ള മാധ്യമ പ്രതിനിധി സംഘം ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിൽ പത്മശ്രീ അവാർഡ് ജേതാവും നൂതന കർഷകനുമായ റാം സരൺ വർമ്മയെ സന്ദർശിച്ചു.
ആധുനികവും നൂതനവുമായ കാർഷിക രീതികളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ പ്രതിനിധി സംഘം റാം സരൺ വർമ്മയുമായി സംവദിക്കുകയും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കുകയും ചെയ്തു. നൂതന കാർഷിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും കർഷകർക്കിടയിൽ വൈവിധ്യവൽക്കരണവും മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിലും വർമ്മ വിദഗ്ദ്ധനാണ്. വാഴ, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയിലെ ആധുനിക കൃഷി രീതികളിൽ അദ്ദേഹം പ്രത്യേക നൈപുണ്യം നേടിയിട്ടുണ്ട്.
കൃഷിയിലെ തന്റെ അനുഭവങ്ങൾ, ഒരു കർഷകൻ എന്ന നിലയിലുള്ള തന്റെ ജീവിതയാത്ര, ആധുനിക കൃഷി രീതികൾ സ്വീകരിക്കാൻ സഹ കർഷകരെ പ്രോത്സാഹിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾ എന്നിവ റാം സരൺ വർമ്മ പങ്കുവച്ചു.
വൈവിധ്യവൽക്കരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട്, ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്നത് കർഷകരെ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വിപണി വിലയിലെ ഏറ്റക്കുറച്ചിലുകൾ നേരിടുന്നതിനും സഹായിക്കുമെന്ന് സരൺ വർമ പറഞ്ഞു. വാഴ, ഉരുളക്കിഴങ്ങ്, തക്കാളി, തണ്ണിമത്തൻ, തൈക്കുമ്പളം തുടങ്ങിയ വിളകൾ മാറിമാറി കൃഷി ചെയ്യുന്നുവെന്നും ഇത്തരം വിളകൾ തിരഞ്ഞെടുക്കുന്നത് ഉൽപാദനവും വിപണിയിലെ അപകടസാധ്യതകളും കൈകാര്യം ചെയ്യാൻ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിലെ സംഭാവനകൾക്ക് 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച റാം സരൺ വർമ്മ, കാർഷിക നവീകരണത്തിനും തൻ്റെ അറിവ് മറ്റ് കർഷകർക്ക് പകർന്നു നൽകുന്നതിനും ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർ അദ്ദേഹത്തിന്റെ കൃഷി രീതികൾ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധികൾക്ക് രാം സരൺ വർമ്മയുടെ അനുഭവങ്ങൾ മനസ്സിലാക്കാനും അടിസ്ഥാന തലത്തിൽ നൂതന കാർഷിക രീതികളെക്കുറിച്ച് ഉൾക്കാഴ്ച നേടാനും ഈ സന്ദർശനം അവസരമൊരുക്കി.


