
കാൻപൂർ: വിവാഹ വാഗ്ദാനം നൽകി ഐഐടി ഗവേഷക വിദ്യാർത്ഥിയെ പൊലീസ് കമ്മീഷ്ണർ പീഡിപ്പിച്ചതായി ആരോപണം. കാൻപൂർ എസിപി മൊഹമ്മദ് മൊഹ്സിൻ ഖാനെ ആരോപണം ഉയർന്നതിന് പിന്നാലെ ചുമതലകളിൽ നിന്ന് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയത്. ഐഐടി കാൺപൂരിലെ 26 വയസ് പ്രായമുള്ള ഗവേഷക വിദ്യാർത്ഥിനിയാണ് എസിപിക്കെതിരെ പരാതിയുമായി എത്തിയത്.
ഉത്തർ പ്രദേശിലെ പ്രൊവിൻഷ്യൽ പൊലീസിലെ 2013 ബാച്ച് ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. ലക്നൌവ്വിലെ ഡിജിപി ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഉദ്യോഗസ്ഥനെ നിലവിൽ മാറ്റിയിട്ടുള്ളത്. ആരോപണം പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്. കല്യാൺപൂർ പൊലീസ് സ്റ്റേഷനിലാണ് എസിപിക്കെതിരായ കേസ് വ്യാഴാഴ്ച രേഖപ്പെടുത്തിയിട്ടുള്ളത്. മൊഹമ്മദ് മൊഹ്സിൻ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത ശർമ്മ മാധ്യമങ്ങളോട് വിശദമാക്കിയത്. അഞ്ചംഗ സംഘം ആരോപണം അന്വേഷിക്കുമെന്നും അങ്കിത ശർമ്മ വിശദമാക്കി.
സൈബർക്രൈം ക്രിമിനോളജിയിലും പിഎച്ച്ഡി പഠനത്തിനായി മൊഹമ്മദ് മൊഹ്സിൻ ഖാൻ അഞ്ച് മാസം മുൻപ് ഐഐടി കാൻപൂരിൽ അഡ്മിഷനെടുത്തിരുന്നു. ഇവിടെ പഠിക്കുന്ന കാലത്താണ് ഗവേഷക വിദ്യാർത്ഥിനിയുമായി എസിപി അടുക്കുന്നത്. ഭാര്യയെ വിവാഹ മോചനം ചെയ്ത ശേഷം വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകിയ ശേഷം ഇയാൾ 26കാരിയായ ഗവേഷക വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. എന്നാൽ പിന്നീട് വിദ്യാർത്ഥിനിയെ ഇയാൾ അവഗണിക്കാൻ തുടങ്ങിയതോടെയാണ് 26കാരി പൊലീസിനെ സമീപിച്ചത്.
ഡിസിപി അങ്കിത ശർമ്മ ക്യാംപസിലെത്തി പരാതിക്കാരിയുടെ മൊഴി ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി നൽകിയ പരാതിയേക്കുറിച്ച് ധാരണയുണ്ടെന്നും ഗവേഷക വിദ്യാർത്ഥിനിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ഐഐടി കാൻപൂർ അധികൃതർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam