
ദില്ലി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതൽ കാണാനില്ലെന്ന് കപിൽ സിബൽ. വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് കപിൽ സിബൽ പറഞ്ഞു. വ്യക്തിപരമായി തനിക്ക് ബന്ധമുള്ള വ്യക്തിയാണ്. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും സിബൽ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്.
ജഗദീപ് ധൻകർ എവിടെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യ പ്രസ്തവന നടത്തണം. രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടുണ്ടോ എന്നും കപിൽ സിബൽ ചോദിച്ചു. അതേസമയം, ജഗ്ദീപ് ധൻകറിൻ്റെ രാജിയില്‍ ദുരൂഹതയേറുകയാണ്. ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയായിരുന്നു. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. പ്രധാനമന്ത്രി വെറും രണ്ട് വരിയില്‍ മാത്രം ആശംസയറിയിച്ചത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ രാജിയിൽ സർക്കാറിന്‍റെ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് പ്രതിപക്ഷം ഉയർത്തുകയും ചെയ്തു. രാജ്യസഭയിലുൾപ്പെടെ വിഷയത്തിൽ പ്രതിഷേധമുയർത്തിയിരുന്നു.
അപ്രതീക്ഷിതമായി ജൂലൈ 21ന് രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞിരുന്നു. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ജഗ്ദീപ്.
ഏറെ നാളായി ജഗ്ദീപ് ധൻകറിനെ അസുഖങ്ങൾ അലട്ടിയിരുന്നു. മാർച്ച് ആദ്യവാരം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈയിടെ പൊതു പരിപാടിയിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. വിവാദങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ ഇടം നേടിയ ജഗ്ദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി.