കരിപ്പൂരിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് മുൻ ഡിജിസിഎ  ഭരത് ഭൂഷൺ

By Web TeamFirst Published Aug 8, 2020, 10:23 AM IST
Highlights

മംഗലാപുരം അപകടവുമായി ഒരുപാട് സാമ്യതകൾ കരിപ്പൂരപകടത്തിനുണ്ടെന്ന് പറഞ്ഞ ഭരത് ഭൂഷൺ. ഈ വിമാനത്താവളത്തിൽ സ്ഥലമേറ്റെടുപ്പ് നടത്തി റൺവേയുടെ നീളം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഭരത് ഭൂഷൺ പറഞ്ഞു.

തിരുവനന്തപുരം: കരിപ്പൂരിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് മുൻ ഡിജിസിഎ  ഭരത് ഭൂഷൺ. വിമാനത്തിന് തീ പിടിച്ച് പൊട്ടിത്തെറിക്കുന്നതടക്കമുള്ള നിലയിലേക്ക് കാര്യങ്ങളെത്താതിരുന്നത് അത്ഭുതമാണെന്ന് അങ്ങനെ സംഭവിക്കാതിരുന്നതിനാൽ വലിയ ദുരന്തമാണ് വഴിമാറിയതെന്നും ഭരത് ഭൂഷൺ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറ‌ഞ്ഞു. 

2010 മേയിൽ മംഗലാപുരം അപകടമുണ്ടായതിന് ശേഷമാണ് ഭരത് ഭൂഷൺ ഡിജിസിഎ ആയി ചുമതലയേല്‍ക്കുന്നത്. അന്ന് മംഗലാപുരം അപകടത്തിന്റെ അന്വേഷണം റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ പറ്റിയിരുന്നുവെന്നും അന്നത്തെ അപകടം പൈലറ്റിന് പറ്റിയ ഒരു പിഴവായിരുന്നുവെന്നും ഭരത് ഭൂഷൺ പറഞ്ഞു. അന്നത്തെ അപകടവുമായി ഒരുപാട് സാമ്യങ്ങൾ കരിപ്പൂരിലെ അപകടത്തിനും ഉണ്ടെന്ന് ഭരത് ഭൂഷൺ പറഞ്ഞു.

രണ്ട് വിമാനത്താവളങ്ങളും ടേബിൾ ടോപ്പ് വിമാനത്താവളങ്ങളാണ്. പക്ഷേ അപകടത്തിന്റെ കാരണമറിയണമെങ്കിൽ വിശദമായ അന്വേഷണം വേണം. കാറ്റിന്‍റെ വേഗതയെ പറ്റിയും റൺവേയിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നതിനെ പറ്റിയും വിശദമായ അന്വേഷണം നടക്കണം. വിമാനം ഇറങ്ങിയത് റൺവേയുടെ മധ്യത്തിലാണെന്നും ഭരത് ഭൂഷൺ ചൂണ്ടിക്കാട്ടി.

കരിപ്പൂരിന്റെ കാര്യത്തിൽ റൺവേയ്ക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്ന് പല തവണ പറഞ്ഞിരുന്നതായി ഭരത്‍ഭൂഷൺ നമസ്തേ കേരളത്തിൽ പറഞ്ഞു. വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് താൻ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്നു. ആ സമയത്ത് സ്ഥലം ഏറ്റെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് വ്യക്തമാക്കി. 

എല്ലാ ഘട്ടത്തിലും കരിപ്പൂരിൽ അങ്ങേയറ്റം ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നതായി ഭരത് ഭൂഷൺ തുറന്ന് പറഞ്ഞു. 2012 കൂടുതൽ സ്ഥലം കിട്ടിയില്ലെങ്കിൽ റൺവേ അടച്ചിട്ട് മറ്റി വിമാനത്താവളങ്ങിലേക്ക് മാറ്റണമെന്ന് വരെ മുന്നറിയിപ്പ് നൽകേണ്ടി വന്നു. പക്ഷേ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായി. 

നാരോ ബോഡി ലാൻഡിംഗുകൾക്ക് മാത്രം യോജിച്ചതാണ് ഇവിടെ വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ പറ്റില്ല. കൂടുതൽ ഭൂമി ഏറ്റെടുത്തേ പറ്റൂ.മലബാറിൽ കൂടുതൽ വിമാനങ്ങൾ ലാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും സമരം ചെയ്യുകയും ചെയ്യുന്നവർ. വിമാനത്താവളത്തിൽ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഇടപെടേണ്ടതാണെന്ന് ഭരത് ഭൂഷൺ അഭിപ്രായപ്പെട്ടു.

click me!