
ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇന്നലെ രാത്രിയോടെ ബിജെപിയും കോൺഗ്രസും അന്തിമ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു. കേന്ദ്ര നേതൃത്വം സീറ്റ് നൽകില്ല എന്നുറപ്പിച്ച് പറഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച മുൻ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയുടെ മകൻ കെ ഇ കാന്തേഷിന് ഇത്തവണയും സീറ്റില്ല. ശിവമൊഗ്ഗ സീറ്റിൽ ലിംഗായത്ത് നേതാവായ എസ് എസ് ചന്ന ബസപ്പ മത്സരിക്കും. ജെഡിഎസ് ഇനി പത്ത് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബാക്കിയാണ്. ഇന്നലെ കോൺഗ്രസ്സ് പുറത്ത് വിട്ട അഞ്ചാം സ്ഥാനാർഥി പട്ടികയിൽ ബസവരാജ് ബൊമ്മൈയ്ക്ക് എതിരെയുള്ള സ്ഥാനാർഥിയെ മാറ്റിയിരുന്നു. മുഹമ്മദ് യൂസഫ് സാവനൂരിന് പകരം യാസിർ അഹമ്മദ് ഖാൻ പഠാനെ മത്സരിപ്പിക്കാനാണ് തീരുമാനം.
ഇതിനിടെ കോൺഗ്രസും ബിജെപിയും താരപ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് താരപ്രചാരകരിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു.
മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ളവർ ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ബ്രിട്ടീഷുകാരോട് പോരാടി വിജയിച്ച കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്നും വൻ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപും ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നൽകി. ഇന്നലെ 59 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചൻഗുഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
Read More : 'നിയമസഭയിൽ ഒരു കൈ നോക്കാൻ റെഡി', കുമാരസ്വാമിയ്ക്കെതിരെ മാണ്ഡ്യയിൽ ബിജെപി സ്ഥാനാർത്ഥി സുമലത?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam