മാണ്ഡ്യയിൽ ആര് വന്നാലും അതിനെ നേരിട്ട് ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സുമലത പറഞ്ഞു

ബെംഗളുരു : എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയിൽ കൂടി മത്സരിച്ചാൽ എതിർ സ്ഥാനാർഥിയായി നിലവിൽ എംപിയായ സുമലത മത്സരിച്ചേക്കും. ബിജെപി തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണെന്നും പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും സുമലത പറഞ്ഞു. നേരത്തേ ബിജെപിക്ക് സുമലത തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മാണ്ഡ്യയിൽ ആര് വന്നാലും അതിനെ നേരിട്ട് ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സുമലത പറഞ്ഞു. ബിജെപിയിൽ ചേർന്നില്ലെങ്കിലും സുമലത ഇത്തവണ ബിജെപിക്കൊപ്പമാണെന്ന് സംശയലേശമന്യെ വ്യക്തമാക്കിയതാണ്. മാണ്ഡ്യ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തന്നെ ആക‌ർഷിച്ചുവെന്നും സുമലത പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സുമലത മത്സരിക്കാനിറങ്ങുമെന്ന സൂചനകൾ ശക്തമാകുന്നത്. ചന്നപട്ടണയ്ക്ക് പുറമേ മാണ്ഡ്യയിൽ നിന്ന് കൂടി മത്സരിക്കാൻ കുമാരസ്വാമി ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. താൻ മത്സരിക്കാൻ റെഡിയാണെന്ന് സുമലത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2019-ൽ കുമാരസ്വാമിയുടെ മകൻ നിഖിലിനെ തോൽപിച്ചാണ് മാണ്ഡ്യയിൽ സുമലത അട്ടിമറി വിജയം നേടിയത്. എന്നാൽ മണ്ഡലത്തിൽ കടുത്ത വിരുദ്ധവികാരം നിലവിൽ സുമലത നേരിടുന്നുണ്ട്. ഇനിയൊരു തവണ മത്സരിച്ചാൽ ജയിക്കില്ലെന്ന് സുമലത തിരിച്ചറിയുന്നുണ്ട്. അതിനാലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ബിജെപി പിന്തുണയോടെ ഇറങ്ങാൻ സുമലത ആലോചിക്കുന്നത്. മകൻ അഭിഷേക് അംബരീഷിനൊപ്പം മാണ്ഡ്യയിൽ ബിജെപിക്ക് വേണ്ടി സജീവ പ്രചാരണത്തിലാണ് ഇപ്പോൾ സുമലത.

Read More : കർണാടകയിൽ പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ, താരറാലികൾക്കും തുടക്കം, കിച്ച സുദീപിനൊപ്പം ബൊമ്മൈയുടെ പ്രചാരണം