
ബെംഗളൂരു: കർണാടകയിലെ ജാതി സെൻസസിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. യോഗം തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ സംവരണ റിപ്പോർട്ട് എന്ന് വിളിക്കുന്ന റിപ്പോർട്ടിനെ ലിംഗായത്ത്, വൊക്കലിഗ മന്ത്രിമാർ എതിർത്തു. ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട മന്ത്രിമാർ സർവേ റിപ്പോർട്ട് തള്ളിക്കളയുന്നതിനെ ശക്തമായി എതിർത്തു.
സർവേ റിപ്പോർട്ട് തള്ളിക്കളയുകയോ പഠനത്തിനായി മന്ത്രിസഭാ ഉപസമിതിക്ക് വിടുകയോ ചെയ്യണമെന്ന് ലിംഗായത്ത് മന്ത്രിമാർ ആവശ്യപ്പെട്ടു. പത്ത് വർഷം മുൻപത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ സംവരണം തീരുമാനിക്കുന്നത് ശരിയല്ലെന്ന് വൊക്കലിഗ മന്ത്രിമാരും നിലപാടെടുത്തു. അഭിപ്രായങ്ങൾ എഴുതി നൽകാൻ നിർദേശിച്ച മുഖ്യമന്ത്രി, സർവേ റിപ്പോർട്ടിനെക്കുറിച്ച് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും അഭിപ്രായങ്ങൾ എഴുതി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ അഭിപ്രായങ്ങളെല്ലാം പരിഗണിച്ച് മാത്രമേ അന്തിമതീരുമാനമെടുക്കൂ എന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലരയോടെ തുടങ്ങിയ മന്ത്രിസഭാ യോഗം മൂന്നര മണിക്കൂർ നീണ്ടു. കോൺഗ്രസ് സർക്കാർ തന്നെ ഭരണഘടനാ സംവിധാനം ഉപയോഗിച്ച് നടത്തിയ സർവേ അശാസ്ത്രീയമെന്ന് പറയരുതെന്ന് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർ ആവശ്യപ്പെട്ടു.