തമ്മില്‍ത്തല്ലി സിദ്ധരാമയ്യയും ദേവഗൗഡയും; കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുറന്നപോരിലേക്ക്

By Web TeamFirst Published Aug 23, 2019, 1:47 PM IST
Highlights

ഭരണം നഷ്ടമായതിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു. 

ബെംഗളൂരു: ഭരണം നഷ്ടമായതിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.

എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ കഴിയാഞ്ഞ സിദ്ധരാമയ്യയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമെന്ന് ദേവഗൗഡ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് സിദ്ധരാമയ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

'സർക്കാർ വീഴാൻ കാരണം ഞാനല്ല. പാർട്ടിയിൽ തന്നെക്കാൾ വളരാൻ ദേവഗൗഡ ആരെയും അനുവദിക്കില്ല . കുടുംബം മാത്രമാണ് അദ്ദേഹത്തിന് പരിഗണന. സർക്കാർ വീഴാൻ കാരണം സിദ്ധരാമയ്യയാണ് എന്നാരോപിച്ചു ദേവഗൗഡ പഴയ കുതന്ത്രങ്ങൾ പയറ്റുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെ ഡി എസുമായി സഖ്യം വേണ്ടെന്നു  ഹൈക്കമാന്റിന് ഞാന്‍ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.' -സിദ്ധരാമയ്യ പറഞ്ഞു. 

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ ജൂലൈയില്‍ നിലം പതിച്ചത്.  16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. 

click me!