
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്നും ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണെന്നും കർണാടക പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
വീടിന് മുന്നിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീയാളിയതെന്നാണ് വിവരം. അപകടത്തിൽ വീട് പൂർണമായും അഗ്നിക്കിരയായെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെല്ലാം ബഗൽകോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഉമേഷ് ഷെട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇതിൻ്റെ ഒന്നാം നിലയിൽ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴൽക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കിൽ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണമെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഓടി. എന്നാൽ ഇവരുടെ മുകൾ നിലയിൽ താമസിച്ചിരുന്ന കുടുംബത്തിന് പുറത്തേക്ക് ഓടാൻ സാധിച്ചിരുന്നില്ല. വീടിനുള്ളിലേക്ക് തീ പടർന്നുകയറിയതോടെ ഇവർക്ക് പൊള്ലലേറ്റു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തി നശിച്ചുവെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam