കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല

Published : Mar 29, 2023, 12:18 PM ISTUpdated : Mar 29, 2023, 12:31 PM IST
കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല

Synopsis

80 വയസ്സ് പിന്നിട്ടവര്‍ക്കും  ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍  

ദില്ലി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും  മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ  ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 29, 141 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ  സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കർണാടകയിൽ ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് ബോധപൂർവമാണ്.വാരാന്ത്യ  അവധി എടുത്ത് ആളുകൾ വോട്ട് ചെയ്യാതിരിക്കുന്നത്  തടയാൻ ആണ് തീരുമാനം. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.

കർണാടകത്തിലെ ത്രികോണപ്പോര് അഭിമാനപ്രശ്നമാണ് ബിജെപിക്കും കോൺഗ്രസിനും ജെഡിഎസ്സിനും. മൂന്ന് പാർട്ടികൾക്കും മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളികളെന്തൊക്കെയാണ്? 

ബിജെപിക്ക് മുന്നിലെ വെല്ലുവിളികൾ

സംവരണപ്രശ്നം തന്നെയാണ് ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. തുല്യസംവരണം എന്ന ആവശ്യമുയർത്തി ബഞ്ജാരകളുടെ സമരം അക്രമത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. മുസ്ലിം ന്യൂനപക്ഷസംവരണം റദ്ദാക്കിയതിൽ സമുദായത്തിനുള്ള അതൃപ്തി ബിജെപിക്ക് നേരിടേണ്ടി വരും. ഇതിൽ നിയമപ്പോരാട്ടങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ സർക്കാർ ന്യായീകരിക്കും എന്നതും കണ്ടറിയണം

ജാതിസമവാക്യങ്ങളൊപ്പിച്ചുള്ള സീറ്റ് വിതരണം, പാർട്ടി ഐക്യം എന്നിവ കോൺഗ്രസിനും ബിജെപിക്കും ജെഡിഎസ്സിനും ഒരുപോലെ തലവേദനയാണ്. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കാലത്തെ അഴിമതിക്കേസുകൾ കൂടി നേരിടണം ബിജെപിക്ക്.

കൈക്കൂലിക്കേസിൽ ചന്നാഗിരി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ പെട്ടതോടെ പ്രതിപക്ഷം 40% കമ്മീഷൻ സർക്കാർ എന്ന ആരോപണം വീണ്ടുമുയർത്തിത്തുടങ്ങി. ഇതിനെയെല്ലാം നേരിടാനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗെയിം പ്ലാൻ വ്യക്തമാണ്.

സംസ്ഥാനനേതൃത്വത്തെ മുന്നിൽ നിർത്തുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടെത്തി പ്രചാരണം നയിക്കും. കോൺഗ്രസാകട്ടെ നേരെ മറിച്ചാണ്. കേന്ദ്രനേതൃത്വത്തേക്കാൾ സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമടങ്ങുന്ന നേതൃനിരയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്.

കോൺഗ്രസിന് മുന്നിലെ വെല്ലുവിളികൾ

ഈ തെരഞ്ഞെടുപ്പ് സീസണിൽ മാത്രം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളിലെ ഒരു ഡസനോളം നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മിക്കവരും സീറ്റ് കിട്ടാത്തതിൽ അതൃപ്തിയുള്ളവർ. ഇതിനെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ തന്നെയാണ്.

പല പാർട്ടികളും വിട്ട് വന്നവർക്ക് സീറ്റ് നൽകിയാൽ പാർട്ടിക്കൊപ്പം ഉറച്ച് നിന്നവരുടെ എതിർപ്പ് നേരിടേണ്ടി വരുമെന്നുറപ്പാണ്. ഇതിനെ കോൺഗ്രസ് എങ്ങനെ നേരിടും?

മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തൽക്കാലം മാറ്റി വച്ച് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒന്നിച്ച് പാർട്ടി വേദികളിലെത്താൻ തുടങ്ങിയിട്ടുണ്ട്. 

പല പ്രീപോൾ സർവേകളും കോൺഗ്രസിന് നേരിയ ഭൂരിപക്ഷം കിട്ടിയേക്കുമെന്ന് പറയുന്നുണ്ടെങ്കിലും എസ്‍ഡിപിഐ, എഐഎംഐഎം മുതലായ പാർട്ടികൾ ന്യൂനപക്ഷ വോട്ടുകളും ജെഡിഎസ് കർഷകവോട്ടുകളും കൊണ്ടുപോകുമെന്ന ആശങ്കയിലാണ്

സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും കൂടുതൽ സാന്നിധ്യം ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും നൽകിയ കോൺഗ്രസ് നയം വ്യക്തം. എങ്ങനെയെങ്കിലും ഇരുവിഭാഗങ്ങളിലെയും വോട്ടുകൾ സ്വന്തം പാളയത്തിലെത്തിക്കുക.

ജെഡിഎസ്സിന് മുന്നിലെ വെല്ലുവിളികൾ

കിങ് മേക്കറാകാൻ ലക്ഷ്യമിട്ട് തന്നെയാണ് കുമാരസ്വാമി ഇറങ്ങുന്നത്

ഏറ്റവുമാദ്യം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത് ജെഡിഎസ്സായിരുന്നു. പക്ഷേ നിർണായക സീറ്റുകളിൽ ഇപ്പോഴും പാർട്ടിക്ക് ഒരു തീരുമാനമെടുക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഓൾഡ് മൈസുരു മേഖലയിലെ ജെഡിഎസ്സിന്‍റെ ശക്തികേന്ദ്രമായ ഹാസൻ സീറ്റിനെച്ചൊല്ലി കുടുംബത്തിൽ തന്നെ തമ്മിലടിയാണ്. 

ദേവഗൗഡയുടെ മൂത്ത മകൻ രേവണ്ണയുടെ ഭാര്യ ഭവാനി ഇത്തവണ ഹാസൻ സീറ്റിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാൽ ഒരു തരത്തിലും ഭവാനിക്ക് സീറ്റ് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് കുമാരസ്വാമി. ഒരു സാധാരണ പ്രവർത്തകൻ ഹാസൻ സീറ്റിൽ നിന്ന് മത്സരിക്കുമെന്നാണ് കുമാരസ്വാമി പറയുന്നത്. കുടുംബത്തിലെ പോരിൽ സമവായമുണ്ടാക്കാൻ വിശ്രമത്തിൽ കഴിയുന്ന ദേവഗൗഡ തന്നെ നേരിട്ട് ഇടപെടേണ്ട സ്ഥിതിയാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'