പരിസ്ഥിതി ആഘാതനിർണയ ചട്ടം: കരട് അന്തിമ വിജ്ഞാപനം ഇറക്കുന്നത് തടഞ്ഞ് ഹൈക്കോടതി

By Web TeamFirst Published Aug 5, 2020, 5:01 PM IST
Highlights

പ്രാദേശികഭാഷകളിൽ എന്തുകൊണ്ട് ഈ നിയമത്തിന്‍റെ കരടുരൂപത്തിന്‍റെ പരിഭാഷകൾ നൽകുന്നില്ല എന്ന് ചോദിച്ച കർണാടക ഹൈക്കോടതി, ഇല്ലെങ്കിൽ സാധാരണ ജനങ്ങൾ എങ്ങനെ ഈ നിയമത്തെക്കുറിച്ച് അറിയുമെന്നും ചോദിച്ചു.

ബെംഗളുരു: വിവാദങ്ങൾക്കിടയിലും പുതുക്കിയ പരിസ്ഥിതി ആഘാതനിർണയ ചട്ടത്തിന്‍റെ (Envirnmental Impact Assessment 2020) കരട് രൂപവുമായി മുന്നോട്ടുപോയ കേന്ദ്രസർക്കാരിന് തിരിച്ചടി. ചട്ടത്തിന്‍റെ അന്തിമകരട് വിജ്ഞാപനം ഇറക്കുന്നത് കർണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പ്രാദേശികഭാഷകളിൽ കരടിന്‍റെ രൂപം ഇറക്കാത്തതെന്ത് എന്ന് ചോദിച്ച ഹൈക്കോടതി, എങ്കിൽ മാത്രമേ ജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ടാകൂ എന്ന് നിരീക്ഷിച്ചു. അനുവദനീയമായ മറ്റ് നടപടികളുമായി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന് മുന്നോട്ട് പോകാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

യുണൈറ്റഡ് കൺസർവേഷൻ മൂവ്‍മെന്‍റ് എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾക്ക് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് പാരിസ്ഥിതികാഘാത നിർണയ ചട്ടം 2020. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ കരട് വിജ്ഞാപനത്തിന് വേണ്ടത്ര ജനശ്രദ്ധ കിട്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഗസറ്റ് വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ പുറത്തിറക്കാനാകൂ എന്നാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ കോൺസൽ വാദിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് പ്രാദേശികഭാഷകളിൽ വിജ്ഞാപനത്തിന്‍റെ കരട് പുറത്തിറക്കാനാകുമോ എന്ന് പരിശോധിച്ച് വരികയാണെന്നും കേന്ദ്രം വാദിച്ചു. എന്നാലിത് തള്ളിയ ഹൈക്കോടതി, വ്യക്തമായി പ്രാദേശികഭാഷകളിൽക്കൂടി കരട് വി‍ജ്ഞാപനം പുറത്തിറക്കേണ്ടതിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടി. 

വൻകോർപ്പറേറ്റുകൾക്ക് അനുകൂലമായി പരിസ്ഥിതിനിയമങ്ങൾ മാറ്റിയെഴുതുന്നതാണ് രിസ്ഥിതി ആഘാതനിർണയ ചട്ടത്തിന്‍റെ കരടെന്ന ആക്ഷേപം വൻതോതിൽ ഉയർന്നിരുന്നു. പരിസ്ഥിതി വിദഗ്ധരും എൻജിഒകളും സെലിബ്രിറ്റികളുമടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

click me!