ഇന്ത്യൻ റെയിൽവേ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയം ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപാക്കി മാറ്റി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ടിക്കറ്റ് കൺഫേം ആയോ എന്ന് നേരത്തെ അറിയാനും മറ്റ് യാത്രാമാർഗ്ഗങ്ങൾ തേടാനും സഹായിക്കും.
ദില്ലി: ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10 മണിക്കൂർ മുൻപേ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് കൺഫേം ആയോ എന്ന് അറിയാൻ സാധിക്കും. രാവിലെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി എട്ട് മണിക്ക് തന്നെ തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 മുതൽ രാത്രി 11:59 വരെയും, അർദ്ധരാത്രി 12:00 മുതൽ പുലർച്ചെ അഞ്ച് വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപ് തയ്യാറാക്കും.
ഈ മാറ്റം കൊണ്ടുള്ള ഗുണങ്ങൾ
വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം എന്നാണ് ഏറ്റവും വലിയ ഗുണം. ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ യാത്രക്കാർക്ക് മറ്റ് ബസുകളോ ട്രെയിനുകളോ തിരഞ്ഞെടുക്കാൻ ആവശ്യമായ സമയം ലഭിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് ട്രെയിൻ കയറേണ്ടവർക്ക് തങ്ങളുടെ യാത്ര കൂടുതൽ വ്യക്തതയോടെ പ്ലാൻ ചെയ്യാൻ സാധിക്കും. ഒപ്പം റിസർവേഷൻ നടപടികളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഈ നീക്കം സഹായിക്കും.
റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. ആദ്യ ചാർട്ട് തയ്യാറാക്കിയ ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന 'രണ്ടാം ചാർട്ട്' സംവിധാനം നിലവിലെ രീതിയിൽ തന്നെ തുടരും. കൂടാതെ, 2025 ജൂലൈ ഒന്ന് മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍
ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍കോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.


