
ബെംഗളൂരു: ആർഎസ്എസ് അനുകൂല വിദ്യാർത്ഥി വിഭാഗമായ എബിവിപി നടത്തുന്ന രഥയാത്ര കോൺഗ്രസ് നേതാവായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉദ്ഘാടനം ചെയ്‌തതിനെ ചൊല്ലി പുതിയ വിവാദം. തുംകുരു ജില്ലയിലെ തിപ്തൂരിൽ സംഘടിപ്പിച്ച പരിപാടിയാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാസം നിയമസഭയിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആർഎസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം. ബിജെപി-ആർഎസ്എസ് നിലപാടുകളെ തുറന്നെതിർക്കുന്ന കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്നാണ് ജി പരമേശ്വരക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.
എബിവിപിയുടെ തിപ്തൂർ യൂണിറ്റാണ് രഥയാത്രയും പഞ്ചിന പരേഡും സംഘടിപ്പിച്ചത്. ബിജെപിയുടെ ശക്തമായ പിന്തുണ ഈ പരിപാടിക്ക് ഉണ്ടായിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ റാണി അബക്കയുടെ ഓർമ ദിനത്തോട് അനുബന്ധിച്ച് നടത്തിയതാണ് രഥ യാത്ര. രാജ്യത്തെ ഏറ്റവും ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയായാണ് റാണി അബക്കയെ എബിവിപി വാഴ്ത്തുന്നത്. അതേസമയം ബിജെപിയുടെയും ആർഎസ്എസിൻ്റെയും രാഷ്ട്രീയ നിലപാടുകളെ നിരന്തരം വിമർശിക്കുന്ന ജി പരമേശ്വര, എബിവിപി പരിപാടിയിൽ പങ്കെടുക്കാനുണ്ടായ രാഷ്ട്രീയ സാഹചര്യം എന്തെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam