നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകം; ജൂലൈ അഞ്ചുമുതല്‍ എല്ലാ ഞായറാഴ്‍ച്ചയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

By Web TeamFirst Published Jun 27, 2020, 8:51 PM IST
Highlights

കല്ല്യാണ ഹാളുകള്‍ , ഹോസ്റ്റലുകൾ അടക്കമുള്ള വലിയ കെട്ടിടങ്ങൾ കൊവിഡ് കെയർ സെന്‍ററുകളാക്കും.

ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജൂലൈ അഞ്ച് മുതൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. തിങ്കള്‍ മുതല്‍ രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരുവിൽ കൂടുതൽ ചന്തകൾ അടച്ചിടും. കല്ല്യാണ ഹാളുകള്‍ , ഹോസ്റ്റലുകൾ അടക്കമുള്ള വലിയ കെട്ടിടങ്ങൾ കൊവിഡ് കെയർ സെന്‍ററുകളാക്കും. ഇന്ന് 918 കേസുകളാണ് കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കേസുകളുടെ എണ്ണം 4441 ആയി ഉയര്‍ന്നു. പുതിയ 11 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 191 ആയി. ഇന്ന് 371 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 

തമിഴ്‍നാട്ടിലും സ്ഥിതി വഷളാകുകയാണ്.   പുതിയതായി 3713 പേര്‍ക്ക് കൂടി തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 78335 ആയി. തമിഴ്‍നാട്ടില്‍ മരണനിരക്കും ഉയര്‍ന്ന നിലയിലാണ്. 24 മണിക്കൂറിനിടെ 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1025 ആയി. ചെന്നൈയില്‍  മാത്രം 51699 കൊവിഡ് രോഗികളുണ്ട്.  കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ നിന്ന് എത്തിയവരിൽ 117 പേര്‍ രോഗബാധിതരായി. 

അതേസമയം 40 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തി. കഴിഞ്ഞ ആറു ദിവസത്തിൽ മാത്രം ഒരു ലക്ഷം പേർ പുതുതായി രോഗബാധിതരായി. ഈ മാസം 21നാണ്  രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടത്. ആറ് ദിവസം കൊണ്ട് ഒരു ലക്ഷം രോഗികൾ കൂടി. ആകെയുള്ള 5,08,953  കേസുകളിൽ 62 ശതമാനവും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18522 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൂന്നു ദിവസമായി പ്രതിദിന രോഗ ബാധ ഉയരുകയാണ്.  15,685 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയുള്ളവർ 1,97387  പേരാണ്. എന്നാൽ രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാണ്. 
 

click me!