
ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇക്കുറി ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.
പണ്ട് കർണാടക നിയമസഭയിൽ വച്ച് നീലച്ചിത്രം കണ്ടതിന്‍റെ പേരിൽ വിവാദത്തിൽപ്പെട്ടയാളാണ് സാവഡി. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. 2004 ൽ ബെലഗാവി അതാനി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാൽ 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019 ൽ മഹേഷ് കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തി.
പിന്നീട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ മഹേഷ് കുമത്തള്ളി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു. അന്ന് കുമത്തള്ളി ബിജെപിയിൽ എത്തിയപ്പോൾ 2023 ൽ തനിക്ക് തന്നെ ബെലഗാവി അതാനി സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്ന് സാവഡി പറയുന്നു. കുമത്തള്ളിക്ക് 2019-ൽ സീറ്റ് നൽകിയപ്പോൾ, ലക്ഷ്മൺ സാവഡിക്ക് എംഎൽസി സ്ഥാനം നൽകിയാണ് ബിജെപി അനുനയിപ്പിച്ചത്. നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ രമേശ് ജർക്കിഹോളി തനിക്കൊപ്പം വന്ന മഹേഷ് കുമത്തള്ളി തന്നെ ബെലഗാവി അതാനി സീറ്റിൽ മത്സരിക്കണമെന്ന് നിലപാടെടുത്തു. ബിജെപി കേന്ദ്രനേതൃത്വം ജർക്കിഹോളിയുടെ നിർബന്ധത്തിന് വഴങ്ങി. ഇതോടെയാണ് ലക്ഷ്മൺ സാവഡി പാർട്ടി അംഗത്വം രാജിവെക്കുന്നെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam