സഖ്യം തകര്‍ത്ത്, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു; 18 മാസത്തില്‍ 185 കോടി വര്‍ധിച്ച് എംഎല്‍എയുടെ ആസ്തി

By Web TeamFirst Published Nov 17, 2019, 5:16 PM IST
Highlights

2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് 1015 കോടിയായിരുന്നു നാഗരാജിന്‍റെ ആസ്തി. ഭാര്യക്കും തനിക്കും കൂടി 1201 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് നാഗരാജ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ 185 കോടി കഴിഞ്ഞ പതിനെട്ട് മാസംകൊണ്ട് സമ്പാദിച്ചതാണെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്.

ബെംഗലുരു: കോണ്‍ഗ്രസ് വിമതനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ എം ടി ബി നാഗരാജിന്‍റെ സ്വത്തില്‍ പതിനെട്ട് മാസത്തിനുള്ളിലുണ്ടായത് 185 കോടിയുടെ വര്‍ധനവ്. കര്‍ണാടകയിലെ ഹോസകോട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് എംടിബി നാഗരാജ്. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നാഗരാജ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. 

ഭാര്യക്കും തനിക്കും കൂടി 1201 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് നാഗരാജ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ 185 കോടി കഴിഞ്ഞ പതിനെട്ട് മാസംകൊണ്ട് സമ്പാദിച്ചതാണെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് 1015 കോടിയായിരുന്നു നാഗരാജിന്‍റെ ആസ്തി. ചലിക്കാന്‍ കഴിയുന്ന ആസ്തികളില്‍ നാഗരാജിന് മാത്രമുണ്ടായിരിക്കുന്ന വര്‍ധനവ് 104.53 കോടിയാണ്. ഭാര്യ ശാന്തകുമാരിയുടെ ഈ വിഭാഗത്തില്‍ മാത്രമുള്ള വര്‍ധനവ് 44.95 കോടി രൂപയുമാണ്. 

ആസ്തിയുടെ 25.84 ശതമാനവും ഓഗസ്റ്റ് മാസത്തിലെ ആറ് ദിവസങ്ങളിലാണുണ്ടായിരിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ സഖ്യ സര്‍ക്കാര്‍ താഴെയിറക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ സ്വത്ത് വര്‍ധനയെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. ജൂലൈ 23നാണ് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴുന്നത്. ജൂലൈ 26നാണ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 10ന് നാഗരാജ് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. ജൂലൈ 15ന് 1.16 കോടി രൂപയാണ് നാഗരാജിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. 90ലക്ഷത്തിലധികം വിലവരുന്ന 52 മറ്റ് നിക്ഷേപങ്ങളും ഓഗസ്റ്റ് 2മുതല്‍ 7 വരെ നാഗരാജ് സ്വന്തമാക്കിയിട്ടുണ്ട്. 

നേരത്തെ നാഗരാജ് അത്യാഢംബര ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‍സിന്‍റെ ഫാന്‍റം VIII എന്ന കാര്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. കൂറുമാറ്റത്തെത്തുടര്‍ന്ന് സ്‍പീക്കര്‍ അയോഗ്യത കല്‍പ്പിച്ച എംഎല്‍എയായ നാഗരാജ് ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കാണാന്‍ ഈ കാറിലാണ് എത്തിയത്. 

click me!