കർണാടകയിലെ വിമത എംഎൽഎമാരുടെ ആസ്തിയിൽ ഒന്നര വർഷത്തിനിടെ വൻ വർധന

Published : Nov 21, 2019, 09:41 AM IST
കർണാടകയിലെ വിമത എംഎൽഎമാരുടെ ആസ്തിയിൽ ഒന്നര വർഷത്തിനിടെ വൻ വർധന

Synopsis

കൂറുമാറാൻ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച്, സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്.

ബംഗളൂരു: കർണാടകത്തിൽ അയോഗ്യരായ വിമത എംഎൽഎമാരുടെ ആസ്തിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയുണ്ടായത് വൻ വർധന. മുൻ മന്ത്രി എംടിബി നാഗരാജിന്‍റെയും ആനന്ദ് സിംഗിന്‍റെയും ആസ്തി നൂറ് കോടിയിലധികമാണ് കൂടിയത്. കൂറുമാറാൻ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച്, സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്.

ഉപതെരഞ്ഞെടുപ്പിന്‍റെ നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഒന്നരക്കൊല്ലം കൊണ്ട് വിമതരുടെ ആസ്തിവർധനവിന്‍റെ കണക്ക് വന്നത്. ഏറ്റവും സമ്പന്നനായ എംഎൽഎ ആയിരുന്ന എംടിബി നാഗരാജ്, ഇപ്പോൾ ഹൊസക്കോട്ടയിലെ ബിജെപി സ്ഥാനാർത്ഥിയാണ്. നാഗരാജിന്‍റെ സ്വത്തിൽ 2018 തെരഞ്ഞെടുപ്പ് കാലത്തുളളതിനേക്കാൾ 180 കോടിയുടെ വർധനവുണ്ട്. മന്ത്രിപദവിയുൾപ്പെടെ രാജിവച്ച ജൂലൈ മാസത്തിന് ശേഷം നാഗരാജിന്‍റെ പേരിൽ വന്ന സ്ഥിരനിക്ഷേപം 48 കോടിയുടേതാണ്. ജയിച്ചാൽ മന്ത്രിപദവി തന്നെയാണ് നാഗരാജിനുള്ള യെദിയൂരപ്പയുടെ ഉറപ്പ്.

വിജയനഗരയിലെ ബിജെപി സ്ഥാനാർത്ഥി ആനന്ദ് സിംഗിന്‍റെ ആസ്തി 103 കോടി കൂടി. 2018ൽ ബിജെപിയിൽ നിന്ന് രാജിവച്ചാണ് ആനന്ദ് സിംഗ് കോൺഗ്രസിലെത്തിയത്. പഴയപാളയത്തിൽ വീണ്ടുമെത്തിയിരിക്കുകയാണ് ആനന്ദ് സിംഗ്. കോൺഗ്രസ് വിമതനായിരുന്ന ബൈരതി ബസവരാജിന്‍റെ ആസ്തി 28 കോടിയും ജെഡിഎസ് വിമതനായിരുന്ന കെ ഗോപാലയ്യയുടെ ആസ്തി ഏഴരക്കോടിയും കൂടി. ഇരുവർക്കും ഇത്തവണ ബിജെപി ടിക്കറ്റുണ്ട്. കെ സുധാകർ, ബി സി  പാട്ടീൽ എന്നീ വിമതരുടെ കണക്കും മോശമല്ല. എന്നാൽ വിമതനീക്കത്തിന് ചുക്കാൻ പിടിച്ച മുൻ കോൺഗ്രസ് നേതാവ് രമേഷ് ജർക്കിഹോളിക്കാണ് നഷ്ടം. ഒന്നരവർഷത്തിനിടെ 25 കോടിയുടെ കുറവാണ് ആസ്തിയിലുള്ളത്. കുതിരക്കച്ചവടത്തിന്‍റെ കണക്കറിയാൻ ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക നോക്കിയാൽ മാത്രം മതിയെന്നാണ് കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്‍റാവുവിന്‍റെ പരിഹാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനറൽ നരവനെയുടെ പുസ്തക വിവാദത്തിൽ രാഹുലിന്‍റെ വാദം തള്ളി പെൻഗ്വിൻ; 'പ്രീ ഓര്‍ഡര്‍ എന്നാൽ, പുസ്തകം പ്രസിദ്ധീകരിച്ചു എന്നല്ല', വിവാദം കത്തുന്നു
മുറിയിൽ മകളില്ല, കട്ടിലിൽ പാമ്പിൻ്റെ പടം, സമീപത്ത് മോതിരവും മാലയും വളകളും! പെൺകുട്ടി 'നാഗിനി'യായെന്ന് പ്രചാരണം, കള്ളക്കഥ പൊളിച്ച് യുപി പൊലീസ്