സ്വകാര്യ മേഖലയില്‍ കന്നഡക്കാര്‍ക്ക് മാത്രം ജോലി; നിയമത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

By Web TeamFirst Published Sep 25, 2020, 11:13 AM IST
Highlights

ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നു എന്നാണ് നിയമ പാര്‍ലമെന്‍ററി കാര്യമന്ത്രി ജെ.സി മധുസ്വാമി അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും എന്നാണ് മന്ത്രി അറിയിക്കുന്നത്. 

ബെംഗളൂരു: കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ വിദഗ്ധനെ ആവശ്യമില്ലാത്ത ജോലികളില്‍ കന്നഡക്കാര്‍ക്ക് മാത്രം ജോലി നല്‍കാനും, വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ കന്നഡക്കാര്‍ക്ക് മുന്‍ഗണന നല്‍കിയുമാണ് ഉത്തരവ് ഇറക്കാന്‍ യെഡ്യൂരപ്പ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നു എന്നാണ് നിയമ പാര്‍ലമെന്‍ററി കാര്യമന്ത്രി ജെ.സി മധുസ്വാമി അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും എന്നാണ് മന്ത്രി അറിയിക്കുന്നത്. 

കഴിഞ്ഞ ഡിസംബറില്‍ തന്നെ 1961 ലെ കര്‍ണാടക ഇന്‍ട്രസ്ട്രീയല്‍ എംപ്ലോയിമെന്‍റ് റൂള്‍സ് കര്‍ണാടക സര്‍ക്കാര്‍ മാറ്റം വരുത്തി വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ തുടര്‍ നടപടികള്‍ സംബന്ധിച്ച് കര്‍ണാടക ലെജിസ്റ്റേറ്റീവ് കൌണ്‍സിലില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

കര്‍ണാടകയില്‍ 15 കൊല്ലമായി ജീവിക്കുന്ന, കന്നഡ എഴുതാനും വായിക്കാനും അറിയാവുന്ന ആര്‍ക്കും കര്‍ണാടകയിലെ ഏതൊരു സ്ഥാപനത്തിലും ക്ലറിക്കല്‍, ഫ്ലോര്‍ ജീവനക്കാരായി പ്രവര്‍ത്തിക്കാന്‍ യോഗ്യതയും മുന്‍‍ഗണനയും ഉണ്ടെന്നാണ് പറയുന്നത്. ഇതില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ പറയുന്നു. 

കര്‍ണാടക്കാര്‍ക്ക് സംസ്ഥാനത്തെ ചില തൊഴില്‍ മേഖലകളില്‍ 100 ശതമാനം ജോലി സംവരണം എന്നത് 1984 മുതല്‍ ഉയരുന്ന വിഷയമാണ്. ഇതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. നേരത്തെ ഇത്തരം പരിഷ്കാരം നടപ്പിലാക്കാനുള്ള ശ്രമം സംസ്ഥാനത്തെ ഐടി കമ്പനികള്‍ അടക്കമുള്ളവയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചിരുന്നു. പുതിയ പരിഷ്കാരം മലയാളികള്‍ അടക്കമുള്ളവരെ പ്രതികൂലമായി ബാധിച്ചേക്കും.

click me!