
ദില്ലി: കർണിസേന നേതാവ് സുഖ് ദേവ് സിംങിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രാജസ്ഥാൻ പോലീസ്. പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ രോഹിത് റാത്തോഡ്, നിതിൻ ഫൌജി എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഉദയ്പൂർ കലക്ട്രേറ്റിലേക്ക് സുഖ് ദേവ് സിംങ് അനുയായികൾ കൂറ്റൻ റാലിയും സംഘടിപ്പിച്ചിരുന്നു.
സുഖ് ദേവ് സിംങിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സുഖ് ദേവ് സിംങിന്റെ അനുയായികളുടെ പ്രതിഷേധം പലയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. കർണിസേന തലവൻ സുഖ് ദേവ് സിംങിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് രാജസ്ഥാനിൽ അരങ്ങേറിയത്. പ്രധാന റോഡുകളും ദേശീയ പാതയും ഉപരോധിച്ചു. ബിൽവാരയിൽ ട്രെയിനുകൾ തടഞ്ഞ അനുയായികൾ ഉദയ്പൂരിലെ കളക്ട്രേറ്റിലേക്ക് കൂറ്റൻ റാലിയുമായെത്തി.
കൊലയാളികളെ പിടികൂടിയില്ലെങ്കിൽ പുതിയ സർക്കാരിന്റെ സത്യ പ്രതിജ്ഞ തടയുമെന്ന് പ്രവർത്തർ ഭീഷണി മുഴക്കി. രാജസ്ഥാനിൽ ക്രമസമാധാന നില തകർന്നുവെന്നും കോൺഗ്രസ് സർക്കാരാണ് കൊലപാതകത്തിന് ഉത്തരവാദിയെന്നും ബിജെപി നേതാവ് ദിയ കുമാരി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഭരണത്തിൽ രാജസ്ഥാനിൽ അക്രമ സംഭവങ്ങൾ വർധിച്ചിരിക്കുകയാണെന്നും സുഖ്ദേവ് സിംഗ് സുരക്ഷ ആവശ്യപ്പെട്ടിട്ട് പോലും നൽകിയില്ലെന്നും ദിയ കുമാരി വിമർശിച്ചു.
ഇതിനിടെ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്ന രോഹിത് റാത്തോഡ്, നിതിൻ ഫൌജി എന്നിവരുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടു. വെടിവയ്പിൽ കൊല്ലപ്പെട്ട അക്രമിസംഘത്തിൽപ്പെട്ട നവീൻ സിംങ് ഷെഖാവത്തിന്റെ ഫോണിൽ നിന്നും പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഗുണ്ടാ സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങുമായി നിലനിന്നിരുന്ന ഭൂമിതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന. ഇന്നലെ ജയ്പൂരിലെ സുഖ്ദേവ് സിങിന്റെ വീട്ടിൽ കയറിയാണ് നാലംഗസംഘം കൊലപാതകം നടത്തിയത്.
കര്‍ണിസേന നേതാവിന്‍റെ കൊലപാതകം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam