
ദില്ലി : പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കർത്താർപൂർ ഇടനാഴി അടച്ചു. സിക്ക് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഇടനാഴി അടച്ചുവെന്ന അറിയിപ്പ് ഉണ്ടായിരുന്നിട്ടും, നിരവധി തീർത്ഥാടകർ രാവിലെ ഇടനാഴി കടക്കാനെത്തി. ഇവരെ അധികൃതർ തിരിച്ചയച്ചു.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്ന് നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിലെ കര്‍താര്‍പുര്‍ ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണിത്.
ഗുരു നാനാക്കിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019 നവംബർ 9 നായിരുന്നു കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 5,000 ഇന്ത്യൻ ഭക്തർക്ക് വരെ വിസയില്ലാതെ അതിർത്തി കടന്ന് കർത്താർപൂർ ഇടനാഴി വഴി പാകിസ്ഥാനിലെത്തി തീർത്ഥാടനം നടത്താൻ കഴിഞ്ഞിരുന്നു. അടച്ചുപൂട്ടൽ താൽക്കാലികമാണ്. എന്നാൽ എപ്പോൾ പുനരാരംഭിക്കുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.