
കാർവാർ: 24 കാരനായ മത്സ്യത്തൊഴിലാളി ഹൗണ്ട് ഫിഷിന്റെ ആക്രമണത്തിൽ മരിച്ചു. കർണാടകയിലെ കർവാറിലാണ് സംഭവം. അക്ഷയ് അനിൽ മജാലികർ എന്ന യുവാവാണ് മരിച്ചത്. എന്നാൽ അക്ഷയിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. സുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും കഠിനമായ വേദന കാരണം വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച അദ്ദേഹം മരിച്ചു.
8-10 ഇഞ്ച് വലിപ്പമുള്ള പ്രാദേശികമായി കാൻഡെ എന്നറിയപ്പെടുന്ന ആക്രമകാരിയായ മത്സ്യം വെള്ളത്തിൽ നിന്ന് ചാടി അദ്ദേഹത്തിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മത്സ്യത്തിന്റെ മൂർച്ചയുള്ള മൂക്ക് കൊണ്ടുള്ള ആക്രമണം ആന്തരിക പരിക്കുകൾക്ക് കാരണമായി. കുടലിന് ഗുരുതരമായി പരിക്കേറ്റു. അക്ഷയിനെ ഉടൻ തന്നെ കാർവാറിലെ KRIMS ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ നടത്തിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് മരിച്ചു.
അതേസമയം, ചത്ത മത്സ്യത്തെ വിശകലനം ചെയ്ത സമുദ്ര ജീവശാസ്ത്രജ്ഞർ, മജാലിക്കറിനെ കുത്തിയ ഹൗണ്ട് ഫിഷ് മത്സ്യമാണെന്ന് പറഞ്ഞു. ഹൗണ്ട് ഫിഷ് അല്ലെങ്കിൽ ടൈലോസോറസ് ക്രോക്കോഡിലസ് ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്നു. ചെങ്കടൽ, ആഫ്രിക്കൻ തീരങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ശ്രേണിയിലാണ് ഇവ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് ചാടി മുറിവുകൾ ഉണ്ടാക്കാനുള്ള കഴിവ് കാരണം മത്സ്യത്തൊഴിലാളികൾ ഈ മത്സ്യത്തെ ഭയപ്പെടുന്നു. എന്നാൽ, ഈ മത്സ്യം മൂലമുണ്ടാകുന്ന ഇത്തരമൊരു സംഭവം വളരെ അപൂർവമാണെന്ന് മത്സ്യത്തൊഴിലാളിയായ നാഗേന്ദ്ര ഖർവി പറഞ്ഞു. ഞങ്ങൾ ഈ മത്സ്യത്തെ കണ്ടിട്ടുണ്ട്, അതിനെ പിടിച്ചിട്ടുണ്ട്, പക്ഷേ അതിന്റെ കടിയേറ്റ് ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam