
ദില്ലി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മൂവ്മെന്റിനെതിരായ കേന്ദ്ര സർക്കാർ നീക്കത്ത വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്ന് പറഞ്ഞ കെ സി വേണുഗോപാൽ ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്നും ചോദിച്ചു.
സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് ഇപ്പോൾ പ്രകടമാകുന്നത്. സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കണം. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം. സിജെപി മൂവ്മെൻ്റിനെ അടിച്ചമർത്താൻ അല്ല ശ്രമിക്കേണ്ടതെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വരാനിരിക്കുന്ന കാലം അതീവ ദുഷ്കരം എന്നാണ് പ്രവചിക്കപ്പെടുന്നത്. ഒരു തയ്യാറെടുപ്പുമില്ലാതെ ആഘോഷങ്ങളിലും തിമിർപ്പിലും ആണ് പ്രധാനമന്ത്രി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് പ്രധാനമന്ത്രി ഇറങ്ങേണ്ടത്. അല്ലാതെ പ്രതിഷേധിക്കുന്നവരെ തകർക്കാൻ അല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഇന്ധന വിലവർധനവ് പരിഹരിക്കുന്നതിന് ഒന്നിരുന്നു ചിന്തിക്കാൻ പ്രധാനമന്ത്രി തയ്യാറല്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. അതുകൊണ്ട് ഒരു ഫലവുമില്ല, പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ രാജ്യത്ത് ഒരു സർക്കാർ ഇല്ല. ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ മാനിച്ചാൽ ഈ പ്രതിസന്ധികൾ ഉണ്ടാവുകയില്ലെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam