'പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പോകുന്നു'; കപിൽ സിബലിന്റെ രാജിയിൽ പ്രതികരണവുമായി കെ സി വേണു​ഗോപാൽ

By Web TeamFirst Published May 25, 2022, 4:57 PM IST
Highlights

"അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന് കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല''

കൊച്ചി: മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ (Kapil Sibal) കോൺഗ്രസിൽ നിന്ന് രാജിവെച്ചതിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ (KC Venugopal). കോൺ​ഗ്രസ് (Congress) പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

"അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന് കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ നിലപാട് പറയട്ടെ. അപ്പോൾ മറുപടി പറയാം. ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് പോയേക്കാം. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. കോൺഗ്രസിന് വിശാലമായ ഇടമുണ്ട്- വേണു​ഗോപാൽ പറഞ്ഞു. 

"പാർട്ടി പുനർനിർമ്മിക്കപ്പെടും. സമഗ്രമായ ഒരു പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഒരുപാട് മാർ​ഗനിർദേശങ്ങൾ വരാൻ പോകുന്നു. ഓരോ വ്യക്തിക്കും ഓരോ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ഭരണത്തിൽ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ സിബിഐയെയും ഇന്റലിജൻസിനെയും മറ്റെല്ലാ കേന്ദ്ര ഏജൻസികളെയും  ഉപയോഗിക്കുന്നു. ഹീനമായ മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നു. അതിജീവിക്കാൻ പ്രയാസമാണ്. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.ഇ ത് തരണം ചെയ്യാനുള്ള കരുത്ത് കോൺഗ്രസിനുണ്ട്. കോൺഗ്രസിന് യോ​​ഗ്യരായ നേതാക്കളുണ്ട്. ചിലയിടത്ത് താൽക്കാലിക തിരിച്ചടികളുണ്ടാകും. പ്രശ്നങ്ങൾ പഠിക്കും. പാർട്ടിയെ ശക്തിപ്പെടുത്തി ഉജ്ജ്വലമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമാജ്‌വാദി പാർട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം താൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചതായി മുതിർന്ന നേതാവ് കപിൽ സിബൽ വെളിപ്പെടുത്തി‌യിരുന്നു. മെയ് 16 ന് ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചെന്നും കപിൽ സിബൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

click me!