
ദില്ലി: ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ശബ്ദവോട്ടിൽ ഇന്ത്യ സഖ്യത്തിലെ എല്ലാവരും പങ്കെടുത്തുവെന്നും തങ്ങൾ ഉദ്ദേശിച്ച കാര്യം ശബ്ദവോട്ടോടെ നടന്നുവെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ എംപിമാരുടെയും പുറത്ത് നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചെന്നും പറഞ്ഞു.
തൃണമൂൽ കോൺഗ്രസടക്കം എല്ലാവരും കോൺഗ്രസ് ആഗ്രഹിച്ചത് പോലെ ശബ്ദവോട്ടിനൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാലാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. അദ്ദേഹം വിദേശത്ത് പോകുമെന്ന് നേരത്തെ പറഞ്ഞതാണ്. ഇന്ന് സഭയിലെത്താൻ അൽപ്പം വൈകി. അതൊന്നും വലിയ വിവാദമാക്കേണ്ടതില്ല. പ്രതീക്ഷിക്കാത്ത പല എംപിമാരും പിന്തുണച്ചു. ചന്ദ്രശേഖര്‍ ആസാദടക്കം പിന്തുണച്ചിട്ടുണ്ട്.
അടിയന്തിരാവസ്ഥയിൽ പ്രമേയം പാസാക്കിയ നടപടി അനാവശ്യമാണ്. മറ്റെന്തെല്ലാം വിഷയങ്ങൾ പരിഗണനയിലുണ്ട്. അക്രമം നടക്കുന്ന മണിപ്പൂരിൻ്റെ പ്രശ്നങ്ങളിലും നീറ്റ് വിഷയത്തിലും പ്രമേയം പാസാക്കിയില്ലല്ലോ? പ്രതിപക്ഷത്തെ കൂടി പരിഗണിച്ച് കൊണ്ട് മുന്നോട്ട് പോകണം എന്നാണ് ഇന്ത്യ സഖ്യം ആഗ്രഹിക്കുന്നത്. എന്നാൽ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി മുന്നോട്ട് പോകാനാണ് തീരുമാനിക്കുന്നത്. സ്പീക്കര്‍ പദവി ഭരണഘടനാ പദവിയാണ്. അദ്വാനി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സഭയിൽ പ്രമേയം അവതരിപ്പിച്ച് പിൻവലിച്ചിട്ടുണ്ട്. യാതൊരു ആത്മവിശ്വാസക്കുറവും പ്രതിപക്ഷത്തിനില്ല. പ്രധാനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രസംഗം താരതമ്യം ചെയ്താൽ ഇക്കാര്യം മനസിലാകും. വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam