
ചെന്നൈ: മൂന്നാം മുന്നണി സംവിധാനത്തോട് താല്‍പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഡിഎംകെ നേതൃത്വം. കോണ്‍ഗ്രസ് – ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയില്‍, എംകെ.സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ റാവു മടങ്ങി. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കെ.സി.ആറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്റ്റാലിന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം സ്റ്റാലിനെ കാണാനായി കെസിആര്‍ നേരത്തെ ചെന്നൈയില്‍ വന്നിരുന്നുവെങ്കിലും ഉപതെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടും കെസിആര്‍ ചെന്നൈയില്‍ എത്തിയത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഡിഎംകെ മത്സരിച്ചത്. നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്.
ഈ സാഹചര്യത്തില്‍ കെസിആറുമായി കൂടിക്കാഴ്ച നടത്തുന്നത് ഉചിതമല്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കൂടി അറിവോടെയാണ് റാവുവിനെ സ്റ്റാലിന്‍ കണ്ടതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന്‍ പങ്കുവച്ചു. കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ കെസിആർ പങ്കുവച്ചതായാണ് സൂചന.
കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്ക് നിലവില്‍ താല്‍പര്യമില്ലെന്ന് സ്റ്റലിൻ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണക്കണമെന്ന ഡിഎംകെ നേതാക്കളുടെ ആവശ്യത്തോട് റാവുവും അനുകൂല മറുപടി നല്‍കിയില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ റാവു ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് പറയാതെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam