
മുംബൈ: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ച കമൽഹാസനെതിരെ ബോളിവുഡ് നടൻ വിവേക് ഒബ്റോയി. "ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിച്ചോളൂ, എന്തിനാണ് ഹിന്ദു തീവ്രവാദിയെന്ന് വിളിക്കുന്നത്?" വിവേക് ഒബ്റോയി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിഭജിക്കരുതെന്നും നമ്മളെല്ലാം ഒന്നാണെന്നും അദ്ദേഹം കമൽഹാസനോട് അടുത്തടുത്ത രണ്ട് ട്വീറ്റുകളിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
"പ്രിയപ്പെട്ട കമൽ സർ, നിങ്ങളൊരു മഹാനായ കലാകാരനാണ്. കലയ്ക്ക് മതമില്ലെന്നത് പോലെ തന്നെ തീവ്രവാദത്തിനും മതമില്ല. നിങ്ങൾക്ക് ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കാം, പക്ഷെ എന്തിനാണ് ഹിന്ദുവെന്ന് പ്രത്യേകം പരാമർശിക്കുന്നത്? നിങ്ങൾ ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വോട്ട് ചോദിക്കുന്നത് കൊണ്ടാണോ ഇത്?" തന്റെ ട്വീറ്റിൽ അദ്ദേഹം തുറന്നടിച്ചു.
"ഒരു മഹാനായ കലാകാരനോട് വളരെ എളിയ കലാകാരൻ ആവശ്യപ്പെടുകയാണ്... ദയവായി രാജ്യത്തെ വിഭജിക്കരുത് സാർ. നമ്മളെല്ലാം ഒന്നാണ്," തൊട്ടടുത്ത ട്വീറ്റിൽ വിവേക് കുറിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ് നടനും, തമിഴ്‌നാട്ടിലെ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞത്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍ഹാസൻ. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്'- കമല്‍ ഹാസന്‍ പറഞ്ഞു.
"ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല ഞാനിത് പറയുന്നത്. ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കും," കമല്‍ ഹാസന്‍ പ്രസംഗത്തിൽ വിശദീകരിച്ചു.
ഈ പരാമർശത്തിൽ കമൽഹാസനെതിരെ ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam