2018 പ്രളയകാലത്ത് പോലും കേരളത്തിന് അനുമതി നൽകിയില്ല, ഇപ്പോൾ മഹാരാഷ്ട്രക്ക് വിദേശ സഹായത്തിന് അനുമതി, വിവാദം

Published : Jun 01, 2025, 07:38 PM IST
2018 പ്രളയകാലത്ത് പോലും കേരളത്തിന് അനുമതി നൽകിയില്ല, ഇപ്പോൾ മഹാരാഷ്ട്രക്ക് വിദേശ സഹായത്തിന് അനുമതി, വിവാദം

Synopsis

2018ലെ പ്രളയത്തിൽ കേരളത്തിന് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകാതിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകി. നടപടിക്കെതിരെ കേരളം അതിരൂക്ഷ വിമർശനവുമായി രംഗത്ത്

തിരുവനന്തപുരം: വിദേശ സഹായം സ്വീകരിക്കാൻ മഹാരാഷ്ട്രക്ക് മാത്രം അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം. വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ വിമർശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകിയത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആകെ എതിർപ്പിന് ഇടയാക്കുകയാണ്.

വിശദ വിവരങ്ങൾ ഇങ്ങനെ

2018 ൽ പ്രളയത്തിൽ വലിയ നഷ്ടമുണ്ടായ കേരളത്തെ സഹായിക്കാൻ ​ഗൾഫ് രാജ്യങ്ങളടക്കം മുന്നോട്ട് വന്നിരുന്നു. 700 കോടി രൂപ യു എ ഇ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അന്ന് സംസ്ഥാന സർക്കാർ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രത്തോട് തേടിയെങ്കിലും ആഭ്യന്തര മന്ത്രാലയം ഇത് നിഷേധിച്ചു. കേന്ദ്രത്തിന്റെ ഈ നടപടി വലിയ വിവാദമായിരുന്നു. 7 വർഷത്തിനിപ്പുറം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സംഭാവന സ്വീകരിക്കാനാണ് കേന്ദ്രം, ഫോറിൻ കോൺട്രിബ്യൂഷൻ റെ​ഗുലേഷൻ ആക്ട് പ്രകാരം അനുമതി നൽകിയിരിക്കുന്നത്. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് സംഭാവന സ്വീകരിക്കാനാണ് അനുമതി. ട്രസ്റ്റായി രജിസ്റ്റർ ചെയ്തതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. ദുരന്ത കാലത്തുപോലും അനുമതി നൽകാതെ കേരളത്തോട് കേന്ദ്രം കാണിച്ചത് വിവേചനമാണെന്നാണ് വിമർശനം. ഇക്കാര്യം ചൂണ്ടികാട്ടി ധനമന്ത്രി കെ എൻ ബാല​ഗോപാലടക്കം അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്കാര ശൂന്യമായ നടപടിയാണ് കേന്ദ്രത്തിന്റെതെന്നും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം വേണ്ടെന്ന് പറഞ്ഞവരാണ് മഹാരാഷ്ട്രയ്ക്ക് ഇപ്പോൾ പ്രത്യേക ഇളവ് നൽകിയതെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും കുറ്റപ്പെടുത്തി.

കേന്ദ്രം ആദ്യമായാണ് ഒരു സംസ്ഥാന സർക്കാറിന്റെ അക്കൗണ്ടിന് എഫ് സി ആർ എ ലൈസൻസ് നൽകുന്നത്. നേരത്തെ കൊവിഡ് കാലത്ത് രൂപീകരിച്ച പി എം കെയേഴ്സ് ഫണ്ടിനും പ്രത്യേക അക്കൗണ്ടിലൂടെ വിദേശ സംഭാവന സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. സന്നദ്ധ സംഘടനകളുടെയടക്കം എഫ് സി ആർ എ ലൈസൻസ് വ്യാപകമായി റദ്ദാക്കി കേന്ദ്രം രാഷ്ട്രീയ പകപോക്കൽ നടത്തുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നടപടിയും വിവാദമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി