ഇന്ത്യയില്‍ സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്

By Web TeamFirst Published Sep 30, 2019, 6:38 PM IST
Highlights

ഹരിയാന, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ എന്നാല്‍ 2016-17 കാലഘട്ടത്തിലെ റേറ്റിംഗില്‍ നിന്നും വളരെ മുന്നോട്ടുവന്നുവെന്ന് സൂചിക പറയുന്നു. 

ദില്ലി: രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നീതി ആയോഗ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിലാണ് കേരളം 76.6 ശതമാനത്തോടെ ഒന്നാം സ്ഥാനം നേടിയത്. ഉത്തര്‍പ്രദേശാണ് സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. യുപിയുടെ റൈറ്റിംഗ് 36.4 ശതമാനമാണ്. രാജ്യത്തിലെ സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തുന്ന കണക്കുകളാണ് സൂചിക നല്‍കുന്നത്.

ഹരിയാന, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ എന്നാല്‍ 2016-17 കാലഘട്ടത്തിലെ റേറ്റിംഗില്‍ നിന്നും വളരെ മുന്നോട്ടുവന്നുവെന്ന് സൂചിക പറയുന്നു. സ്കൂള്‍ വിദ്യാഭ്യാസ സൂചിക ചില മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് നീതി ആയോഗ് തയ്യാറാക്കിയത്. പാഠ്യപ്രവര്‍ത്തനങ്ങളുടെ ഫലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിലവാരം സര്‍വേ നടത്തിയും സംസ്ഥാനങ്ങള്‍ നല്‍കുന്ന ഡാറ്റയും ഉപയോഗിച്ച് പരിശോധിച്ചാണ് സൂചിക തയ്യാറാക്കിയത്. ഇതിനൊപ്പം സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ മൂന്നാംകക്ഷിയെ വച്ച് വിലയിരുത്തുകയും ചെയ്തു.

പാഠ്യവിഷയങ്ങളില്‍ ഏറ്റവും മികച്ച ഫലം ഉണ്ടാക്കുന്നത് തമിഴ്നാടാണെന്ന് സൂചിക പറയുന്നു. ഹരിയാനയാണ് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളത്. ചെറിയ സംസ്ഥാനങ്ങളില്‍ മണിപ്പൂരാണ് മികച്ച പ്രകടനം നടത്തിയത്. ചണ്ഡിഗഡ് ആണ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്ത്. അതേ സമയം ഈ റാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാതെ പശ്ചിമ ബംഗാള്‍ മാറിനിന്നു.

click me!