കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യാർത്ഥി

By Web TeamFirst Published Jan 31, 2020, 5:39 PM IST
Highlights

'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ആഹ്വാനം

ദില്ലി: വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യർത്ഥി. ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലറും മലയാളിയുമായ വിഷ്ണുപ്രസാദാണ് പരാതിക്കാരൻ. ജാമിയ വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ വെടിവയ്പ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് വിഷ്ണുപ്രസാദ് പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എൻഎസ്‌യു നേതാവാണ് വിഷ്ണുപ്രസാദ്.

ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ പ്ലസ് വൺ വിദ്യാർത്ഥി വെടിയുതിർത്തത് കേന്ദ്രസഹമന്ത്രിയുടെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന വിവാദ മുദ്രാവാക്യത്തിന് ശേഷമായിരുന്നു. വെടിയുതിർക്കാൻ കാരണം കേന്ദ്രസഹമന്ത്രിയുടെ മുദ്രാവാക്യമാണെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. വിവാദ മുദ്രാവാക്യത്തിന് പിന്നാലെ അനുരാഗ് താക്കൂറിന് 72 മണിക്കൂർ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.  താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നീക്കാനും  തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു.

ദില്ലിയിലെ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയുടെ പ്രചാരണ പരിപാടിയിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വിവാദ പ്രസംഗം. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രസഹമന്ത്രിയുടെ മുദ്രാവാക്യം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി.

'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്‍റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ വിവാദ പ്രസംഗം നടത്തിയത്.

click me!