പഞ്ചാബിന്റെ മണ്ണിൽ ട്രാക്ടറിലേറി രാഹുൽ; കേന്ദ്രസർക്കാരിനെതിരെ പുതിയ സമര കാഹളം

By Web TeamFirst Published Oct 4, 2020, 5:43 PM IST
Highlights

കർഷകരുടെ രോഷം ഉയർത്തിക്കാട്ടി നടത്തുന്ന ട്രാക്ടർ റാലിക്ക് ചൊവ്വാഴ്ച വരെ രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. പഞ്ചാബിലെ വിവിധ ജില്ലകളിലൂടെയും മണ്ഡലങ്ങളിലൂടെയും റാലി സഞ്ചരിക്കും

ദില്ലി: കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് തിരക്കിട്ട് നടപ്പിലാക്കിയ കർഷക നിയമങ്ങളെ എന്ത് വില കൊടുത്തും ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഇന്ന് പഞ്ചാബിൽ തുടക്കമിട്ട ഖേടി ബചാവോ യാത്ര കേന്ദ്ര സർക്കാരിന് എതിരായ പുതിയ സമര കാഹളം കൂടിയായി. നിയമം കീറിയെറിഞ്ഞ് കുപ്പത്തൊട്ടിയിൽ കളയുമെന്ന് വാഗ്ദാനം ചെയ്ത രാഹുൽ ഗാന്ധി ട്രാക്‌ടറിലേറി യാത്രയും തുടങ്ങി.

കർഷകരുടെ രോഷം ഉയർത്തിക്കാട്ടി നടത്തുന്ന ട്രാക്ടർ റാലിക്ക് ചൊവ്വാഴ്ച വരെ രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. പഞ്ചാബിലെ വിവിധ ജില്ലകളിലൂടെയും മണ്ഡലങ്ങളിലൂടെയും റാലി സഞ്ചരിക്കും. സമരത്തിന് പഞ്ചാബിലുള്ള പിന്തുണ രാഹുലിന്റെ റാലിയിലും കാണാനുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, പിസിസി അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുക്കുന്നത് പാർട്ടിക്ക് കൂടുതൽ കരുത്തായി.

കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ എറിയുമെന്നാണ് റാലിക്ക് മുന്നോടിയായി മോഗയിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഈ നിയമത്തിൽ രാജ്യത്തെ കർഷകർ സന്തുഷ്ടരാണെങ്കിൽ പിന്നെന്തിനാണ് അവർ രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആറ് വർഷമായി പ്രധാനമന്ത്രി മോദി നുണ പറയുകയാണ്. കൊവിഡ് കാലത്ത് കാർഷിക നിയമങ്ങൾ തിരക്കിട്ട് കൊണ്ടുവന്നത് എന്തിനാണ്? ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും ചർച്ച നടത്തണമായിരുന്നു. കർഷകർക്ക് വേണ്ടിയാണ് നിയമമെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എന്തുകൊണ്ടാണ് പരസ്യ ചർച്ച നടത്താതിരുന്നതെന്നും രാഹുൽ ചോദിച്ചു.

click me!