
കൊച്ചി: കൊച്ചി തിരത്തിനടുത്തുണ്ടായ എം എസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈകോടതി. എം എസ് സി കപ്പൽ അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത് എന്ന് കോടതി ചോദിച്ചു. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണ്? കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി തിരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് എം എസ് സി കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. എം എസ് സി കപ്പൽ അപടകവുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാന സർക്കാരുകളും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളും ടി എൻ പ്രതാപനും നൽകിയ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങളും നിർദ്ദേശങ്ങളും.
2025 മെയ് മാസത്തിലാണ് അറബിക്കടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിലാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എം എസ് സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 400 ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam