'വലിയ അതിക്രമം നേരിട്ടു, അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് 40 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക്'; കൊടിക്കുന്നിൽ സുരേഷ്

Published : Jul 21, 2026, 07:44 PM IST
Kodikunnil Suresh

Synopsis

ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതയിലേക്ക് നടത്തിയ മാർച്ചിനിടെ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാർ അറസ്റ്റിലായി. നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിൽനിന്ന് വലിയ അതിക്രമം നേരിട്ടുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിച്ചു വൈദ്യസഹായം ലഭ്യമാക്കുന്നതിന് പകരം നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അറസ്റ്റിലായ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാരെ ഗുഡ്ഗാവിന് അടുത്തുള്ള കാപ്പ സേരാ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയെ കൊടിക്കുന്നിൽ സുരേഷ് ശക്തമായി അപലപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്കൊപ്പം നിന്ന പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് ഭരണകൂട അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തവർക്ക് സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, നീതി ആവശ്യപ്പെടുന്ന ശബ്ദങ്ങളെ ലക്ഷ്യം വയ്ക്കാനാണ് കേന്ദ്ര സർക്കാർ മുതിർന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള അപകടകരമായ കടന്നുകയറ്റമാണ്. ഈ സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിച്ച ഒരു ദേശീയ പരീക്ഷാ അഴിമതിയിൽ നിശബ്ദത പാലിക്കുകയും എന്നാൽ പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് അധികാരം ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന്റെ തത്വങ്ങൾ കൈവിട്ടിരിക്കുകയാണ്. യഥാർത്ഥ നേതൃത്വം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ചെയ്യേണ്ടത്, അല്ലാതെ ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കുകയല്ലെന്നും എംപി പറഞ്ഞു.

ദില്ലി പൊലീസ് ഭരണകക്ഷിയുടെ ഒരു ആയുധമായി വീണ്ടും മാറിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ അന്വേഷണ - പൊലീസ് ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ബിജെപി സർക്കാരിന്റെ ആശങ്കാജനകമായ അടയാളമായി മാറിയിരിക്കുകയാണ്. അറസ്റ്റുകൾ, ഭയപ്പെടുത്തലുകൾ, പൊലീസ് അതിക്രമങ്ങൾ എന്നിവയിലൂടെ നീതിക്കായുള്ള പോരാട്ടത്തെ അടിച്ചമർത്താൻ കഴിയുമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ തെറ്റി. കോൺഗ്രസ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ഓരോ പൗരനും ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കും. സത്യത്തിന്റെ ശബ്ദത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. ജനാധിപത്യത്തെ വിലങ്ങുവെക്കാനാകില്ല. നീതിയെ നിശബ്ദമാക്കാനും സാധിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് ആ വേദന അറിയില്ല'; വിദ്യാർത്ഥികളെ അതിക്രൂരമായി ആക്രമിച്ചെന്ന് കെജ്രിവാൾ
രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും അറസ്റ്റിൽ, രാഹുലിനെ വലിച്ചിഴച്ച് നീക്കി പൊലീസ്; പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പൊലീസ് നടപടി