മൂന്നാം ജന്മമെന്ന് അടൂർ പ്രകാശ്, അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിലെന്ന് കൊടിക്കുന്നിൽ സുരേഷ്; നടുക്കം മാറാതെ എംപിമാർ

Published : Aug 11, 2025, 09:55 AM IST
Kodikkunnil Suresh, Adoor Prakash

Synopsis

വൻ ദുരന്തമാണ് ഒഴിവായെന്ന് എംപിമാർ. പൈലറ്റിന്‍റെ മനസാന്നിധ്യമാണ് രക്ഷയായതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്നാണ് അടൂർ പ്രകാശ് എംപി.

ദില്ലി: തിരുവനന്തപുരം - ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമെന്ന് എംപിമാർ. ഇത് രണ്ടാം ജന്മമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൈലറ്റിന്‍റെ മനസാന്നിധ്യം ആണ് രക്ഷയായതെന്നും എംപി പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്നാണ് അടൂർ പ്രകാശ് എംപിയുടെ പ്രതികരണം.

വിമാനം റൺവേയിൽ നിന്ന് വീണ്ടും പറന്നു പൊങ്ങിയപ്പോൾ ആശങ്കപ്പെട്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിൽ. സമാന സാഹചര്യം ആണ് ഉണ്ടായത്. സംഭവത്തിൽ അട്ടിമറി നീക്കം സംശയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്ന് അടൂർ പ്രകാശ് എംപി പ്രതികരിച്ചു. കോന്നി എംഎൽഎ ആയിരുന്നപ്പോൾ നദിയിൽ വീണ് ഒഴുകി പോയ ശേഷം രക്ഷപ്പെട്ടതാണ് വിമാനത്തിൽ ഇരുന്നപ്പോൾ ഓർത്തതെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം ഈ സംഭവത്തിൽ വേണം. പരാതി നൽകും. എംപിമാരുടേത് മാത്രമല്ല ആ വിമാനത്തിൽ ഇരുന്ന എല്ലാ മനുഷ്യരുടെയും ജീവൻ വിലപ്പെട്ടതാണെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.

ആശങ്കയുടെ മണിക്കൂറുകൾ, ഇന്നലെ നടന്നത്...

ആശങ്കയുടെ മണിക്കൂറുകൾ ആണ് ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തിൽ ഉണ്ടായത്. അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ കയറിയ വിമാനം ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. രാത്രി നടന്നത് എന്തെന്ന് നോക്കാം.

ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അര മണിക്കൂർ വൈകി 7.50ന് ആണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നത്തെ പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ആയിരുന്നു അഞ്ച് എംപിമാരുടെ യാത്ര. യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. റഡാ‌ർ സംവിധാനത്തിൽ ആയിരുന്നു തകരാർ. ഇതോടെ വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ എത്തിച്ച് ലാൻഡിങ്ങിനുള്ള ശ്രമം തുടങ്ങി.

നിറയെ ഇന്ധനം ഉണ്ടായിരുന്ന വിമാനം അത് കുറയ്ക്കാനായി ഒരു മണിക്കൂർ ആകാശത്ത് വട്ടമിട്ടു പറന്നു. അതിനു ശേഷം ലാൻഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിയപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായതായി എംപിമാർ പറയുന്നു. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം ലാൻഡ് ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടായി എന്നാണ് ആരോപണം. അവസാന നിമിഷം ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും പറന്നുയർന്നു. വീണ്ടും അര മണിക്കൂർ പറന്ന ശേഷം ലാൻഡ് ചെയ്തത് രാത്രി 10.37 നാണ്.

എന്നാൽ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ ആണ് ലാൻഡിങ് നടക്കാതിരുന്നത് എന്ന ആരോപണം എയർ ഇന്ത്യ നിഷേധിച്ചു. ചെന്നൈ എടിസി നിർദേശിച്ചതിനാലാണ് ലാൻഡിങ് ഒഴിവാക്കി വീണ്ടും വിമാനം ഉയർത്തിയത്. 'ഗോ എറൗണ്ട് ' എന്ന ഈ സാഹചര്യം നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

എന്താണ് ഗോ എറൗണ്ട്?

ലാൻഡ് ചെയ്യാൻ താഴ്ന്ന വിമാനം ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയരുന്നതാണ് ഗോ എറൗണ്ട്. ലാൻഡ് ചെയ്യാൻ തുടങ്ങുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങളോ അപകട സാധ്യതകളോ ഉണ്ടായാൽ ആണ് ഗോ എറൗണ്ട് വേണ്ടി വരിക. വിമാനം ലാൻഡ് ചെയ്യുന്ന വേഗത, ഉയരം, ദിശ എന്നിവ കൃത്യമല്ലാത്തപ്പോൾ, റൺവേയിൽ അപ്രതീക്ഷിത തടസം ഉണ്ടായാൽ, പെട്ടെന്ന് കാലാവസ്ഥാ മാറ്റം ഉണ്ടായാൽ, മറ്റ് വിമാനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാൻ കഴിയാതെ വന്നാൽ ഒക്കെ ഗോ എറൗണ്ട് വേണ്ടിവരും.

ഗോ എറൗണ്ട് ഒരു അടിയന്തര സാഹചര്യമല്ല. മറിച്ച് സുരക്ഷിതമായ ലാൻഡിങ് ഉറപ്പാക്കാൻ പൈലറ്റുമാർ പരിശീലിച്ചിട്ടുള്ള സാധാരണ നടപടി മാത്രമാണ്. കഴിഞ്ഞ ഡിസംബറിൽ മോശം കാലാവസ്ഥ കാരണം ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഗോ എറൗണ്ട് നടത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'