
ദില്ലി : വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഇലക്ഷൻ കമ്മീഷൻ ശക്തമാക്കുന്നു. സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പ് പറയണമെന്നാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ രാഹുൽ ഗാന്ധി സാക്ഷ്യപത്രം നല്കില്ലെന്നാണ് കോൺഗ്രസ് വ്യത്തങ്ങൾ നൽകുന്ന വിശദീകരണം.
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാതെ കമ്മീഷൻ എങ്ങനെ തള്ളിയെന്ന് കോൺഗ്രസ് ചോദിക്കുന്നു. ഈ സാഹചര്യത്തിൽ വോട്ട് ക്രമക്കേട് ആരോപണം വീണ്ടും ശക്തമായി ഉയർത്തി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം.
തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്
ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. പാർലമെൻറിൽ നിന്നാകും എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുക. വിജയ് ചൗക്കിൽ മാർച്ച് തടഞ്ഞേക്കും. 30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്കിയിട്ടുണ്ട്. എന്നാൽ എല്ലാം എംപിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.