
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയെയാണ് സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫ് പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയിൽ തിരികെയെത്തിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അഷ്‌റഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുൻപാണ് താൻ താമസിക്കാനെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 2) അർധരാത്രിക്ക് ശേഷം തൻ്റെ റൂമിലേക്ക് അഷ്റഫ് കയറി വന്നുവെന്നും സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന് പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു. നിരസിച്ചപ്പോൾ പെൺകുട്ടിയെ പ്രതി ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് പൊലീസിൻ്റെ എഫ്ഐആറിൽ പറയുന്നത്.
തൻ്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും പരാതിയിൽ പെൺകുട്ടി പറയുന്നുണ്ട്. പുലർച്ചെ 12.41 നും 2.15 നും ഇടയിലാണ് സംഭവം. പിന്നീട് അഷ്റഫ് തന്നെ താമസസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചുവെന്നും പരാതിയിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ തന്നെ 21കാരി നഴ്‌സിങ് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ട കേസിന് പിന്നാലെയാണ് ഈ സംഭവവും പുറത്തുവരുന്നത്. മുറിയിൽ ഒപ്പം കഴിഞ്ഞിരുന്ന മറ്റൊരു സ്ത്രീയുടെ മൂന്ന് മോതിരം മോഷ്ടിച്ചെന്ന് സമ്മതിച്ചപ്പോൾ പൊലീസിൽ പറയരുതെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെയാണ് ഹോസ്റ്റൽ ഉടമയായ രവി തേജ റെഡ്ഡി പീഡിപ്പിച്ചത്. ഇയാൾ അറസ്റ്റിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam