ഭരണം നിലനിര്‍ത്താൻ മന്ത്രവാദം ഒന്നുമില്ല; സാഹചര്യങ്ങളാണ് മുഖ്യമന്ത്രിയാക്കിയതെന്ന് കുമാരസ്വാമി

By Web TeamFirst Published Jul 19, 2019, 12:26 PM IST
Highlights

സാഹചര്യങ്ങളാണ് മുഖ്യമന്ത്രി പദവിയിലെത്തിച്ചതെന്നും സര്‍ക്കാരിനെ നിലനിര്‍ത്താൻ മന്ത്രവാദമൊന്നും പയറ്റുന്നില്ലെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. 

കര്‍ണാടക: സാഹചര്യങ്ങളാണ് കര്‍ണാടകയിലെ മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചതെന്ന് തുടങ്ങി കര്‍ണാടക നിയമസഭയിൽ വൈകാരികമായി പ്രസംഗിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. 2004 ൽ കോൺഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ കാലം മുതൽ ഇന്ന് വരെ അധികാരത്തിന് പുറകെ പോയിട്ടില്ലെന്ന് പറഞ്ഞാണ് കുമാരസ്വാമി വിശ്വാസ പ്രമേയ ചര്‍ച്ചയിൽ സംസാരിച്ച് തുടങ്ങിയത്. സര്‍ക്കാരിനെ നിലനിര്‍ത്താൻ മന്ത്രവാദമൊന്നും കയ്യിലില്ലെന്നും കുമാരസ്വാമി പറഞ്ഞു. ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു. 

അധികാരം അല്ല വലുതെന്നും ജനവിശ്വാസമാണെന്നും വിമത എംഎൽഎമാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു കുമാരസ്വാമി. മുഖ്യമന്ത്രി പദവിയിൽ തന്നെ തുടരണം എന്ന് ഒരു നിർബന്ധം ഇല്ലെന്നും കുമാരസ്വാമി പ്രതികരിച്ചു. പതിനൊന്ന് മണിയോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. 

ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദ്ദേശം നിലനിൽക്കെ തന്നെ വിശ്വാസ പ്രമേയ ചര്‍ച്ചയാണ് ഇന്നത്തെ അജണ്ടയെന്ന തീരുമാനം സ്പീക്കര്‍  എടുക്കുകയായിരുന്നു. ഇതനുസരിച്ചാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒറ്റവരി വിശ്വാസ പ്രമേയത്തിൽ പങ്കെടുത്ത് സംസാരിച്ച് തുടങ്ങിയത്.

അതിനിടെ ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ചീഫ് ജസ്റ്റിസ് കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നാണ് വിവരം.

click me!