എപ്സ്റ്റീൻ ഫയൽ വിവാദം കോൺഗ്രസിനെതിരെ തിരിക്കാൻ ബിജെപി ശ്രമം. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്‍റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നാണ് ബിജെപിയുടെ വാദം

ദില്ലി: എപ്സ്റ്റീൻ ഫയൽ വിവാദം കോൺഗ്രസിനെതിരെ തിരിക്കാൻ ബിജെപി ശ്രമം. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്‍റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നാണ് ബിജെപിയുടെ വാദം. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഓവർസീസ് കോൺഗ്രസ് നേതാവ് സാംപിത്രോദയും പങ്കെടുത്തിരുന്നെന്നും പറയുന്നു. ഇക്കാര്യങ്ങൾ എപ്സ്റ്റീൻ ഫയലിലുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ജെഫ്രി എപ്‌സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി സമ്മതിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. എപ്‌സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.) കമ്മിഷന്റെ ഭാഗമായിരിക്കേയാണ് കണ്ടത്. അതേസമയം ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ബുധനാഴ്ച ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.പി.ഐ.യിൽ തന്റെ മേലധികാരിയായിരുന്ന ടെർജെ റോഡ് ലാർഷന് എപ്‌സ്റ്റീനെ അറിയാം. അങ്ങനെയാണ് താൻ എപ്‌സ്റ്റീനെ കണ്ടിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുമധ്യത്തിൽ ലഭ്യമാണ്. എട്ടുവർഷത്തിനിടയിൽ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് ആകെ രണ്ടുപരാമർശങ്ങൾ മാത്രമാണ് തന്നെക്കുറിച്ച് വന്നിട്ടുള്ളത്. ഒന്ന് ഒരു ഇ-മെയിൽ സന്ദേശവുമായി ബന്ധപ്പെട്ടാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക കുറ്റകൃത്യത്തിനായി ദുരുപയോഗിച്ചുവെന്നതാണ് എപ്‌സ്റ്റീന്റെ പേരിലുള്ള കേസ്. താൻ നടത്തിയിട്ടുള്ള ആശയവിനിമയങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഹർദീപ് സിങ് പുരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എപ്‌സ്റ്റീന്റെ പ്രവൃത്തികളിൽ ഒരു താത്പര്യവുമില്ലാത്തയാളാണ് താൻ. അവരെസംബന്ധിച്ച് താൻ അവർക്ക് പറ്റിയ ആളല്ല. അതവർക്കുതന്നെ അറിയാം. തനിക്ക് ഇരട്ടമുഖമാണെന്നാണ് എപ്‌സ്റ്റീൻ വിശേഷിപ്പിച്ചിട്ടുള്ളത്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാ​ഗമായിട്ടാണ് കണ്ടത്. 8 വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും. അന്ന് താൻ സർക്കാരിന്റെ ഭാ​ഗമായിരുന്നില്ലെന്നും ഹർദീപ് സിം​ഗ് പുരി വ്യക്തമാക്കി. രാഹുൽ ഇതുസംബന്ധിച്ച ഇ-മെയിലുകൾ വായിക്കണമെന്നും രാഹുൽ ​ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു. 2009-2013 കാലത്ത് ന്യൂയോർക്കിൽ യു.എൻ. ആസ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയായിരുന്നു പുര.

ആരാണ് ജഫ്രി എപ്സിറ്റീൻ

സിനിമക്കഥകളെ വെല്ലുന്ന ജീവിതകഥാണ് ജെഫ്രി എപ്സ്റ്റീന്‍റേത്. അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞ വിവാദ വ്യവസായിയാണ് എപ്സ്റ്റീൻ. കോടീശ്വരന്മാർക്കായി വിരുന്നുകളും നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്ന എപ്സ്റ്റീൻ പിന്നീട് സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിനാണ് അഴിക്കുള്ളിലായത്. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാവുന്നത്.

അറസ്റ്റിലായി വെറും 13 ദിവസത്തിനപ്പുറം അയാൾ പുറത്തിറങ്ങി. 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് വീണ്ടും അകത്താവുകയും ചെയ്തു. തൊട്ടടുത്ത മാസം ജയിലറയിൽ എപ്സ്റ്റീൻ മരിച്ചുവീണു. ജയിലധികൃതരുടെ റിപ്പോർട്ട് പ്രകാരം, എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാകുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും ബാക്കിയാണ്. ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് രാജാവ് മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ, ആന്ഡ്രൂ രാജകുമാരൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുണ്ട്.

ലൈംഗിക അടിമകളെന്ന് തോന്നിപ്പിക്കും വിധം പല പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവരിൽ പലരെയും പ്രമുഖർക്ക് കാഴ്ചവച്ചെന്ന ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചിലുകളും എപ്സ്റ്റീൻ നടത്തി. അമേരിക്ക വീണ്ടും ട്രംപിന്‍റെ കൈയിലായതോടെ എപ്സ്റ്റീൻ ഫയലുകളെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വീണ്ടും തീ പിടിച്ചിരുന്നു. ആഘോഷരാവുകളിൽ എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്‍റെ ചിത്രങ്ങൾ സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവച്ചു. അങ്ങനെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

YouTube video player