ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് വിഛേദിച്ചു, നടപടി മന്ത്രി പുത്രന്റെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ

By Web TeamFirst Published Oct 8, 2021, 10:52 PM IST
Highlights

ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ലഖിംപൂരിൽ അനിശ്ചിത കാല നിരാഹാര സമരത്തിലാണ്. 

ദില്ലി: ലഖിംപൂർ ഖേരിയിൽ  (Lakhimpur Kheri violence) വീണ്ടും ഇന്റർനെറ്റ് (internet) കണക്ഷൻ വിഛേദിച്ചു. കർഷകർക്ക് (farmers) നേരെ വാഹനമിടിച്ച് കയറ്റിയ കേസിൽ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ (Asish Mishra) നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തിയത്.

ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. 

അതിനിടെ കേസിൽ യുപി സർക്കാരിന്റെ ഉദാസീന നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. കേസിലെ പ്രധാനപ്രതിയായ ആശിഷ് കുമാർ മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കിയെന്ന് യുപി സർക്കാരിനു വേണ്ടി ഹരീഷ് സാൽവെ അറിയിച്ചെങ്കിലും ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ്  ഇളവ് നൽകുന്നതെന്ന് കോടതി ചോദിച്ചു. 

ലഖിംപൂർ: 18 ന് രാജ്യവ്യാപക റെയിൽ ഉപരോധം, പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാൻ മോർച്ച

അതേസമയം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ലഖിംപൂരിൽ അനിശ്ചിത കാല നിരാഹാര സമരത്തിലാണ്. ലഖിംപുരിൽ മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ വീട്ടിലാണ് സിദ്ദു നിരാഹാരമിരിക്കുന്നത്. 

 

click me!